ഫാത്തിമ തിരുനാളിൽ ലോകത്തെ നടുക്കിയ വെടിയൊച്ച; വിശുദ്ധ ജോൺ പോൾ രണ്ടാമന് നേരെയുണ്ടായ വധശ്രമത്തിന് 45 വർഷം

ഫാത്തിമ തിരുനാളിൽ ലോകത്തെ നടുക്കിയ വെടിയൊച്ച; വിശുദ്ധ ജോൺ പോൾ രണ്ടാമന് നേരെയുണ്ടായ വധശ്രമത്തിന് 45 വർഷം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന അധ്യായങ്ങളിലൊന്നായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നേരെയുണ്ടായ വധശ്രമത്തിന് ഇന്ന് 45 വർഷം തികയുന്നു. 1981 മെയ് 13 ന് ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു ആഗോള സഭയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ സംഭവം അരങ്ങേറിയത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുസന്ദർശന പരിപാടിക്കിടെയാണ് മെഹ്മത് അലി അഗ്ക എന്ന തുർക്കി സ്വദേശി മാർപാപ്പയ്ക്ക് നേരെ വെടിയുതിർത്തത്. മാരകമായി മുറിവേറ്റ അദ്ദേഹത്തെ ഉടൻ തന്നെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിൽ അദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. തന്റെ ജീവൻ രക്ഷിച്ചത് ഫാത്തിമ മാതാവാണെന്ന് പാപ്പ ഉറച്ചു വിശ്വസിച്ചിരുന്നു.

ആക്രമണം കഴിഞ്ഞ് വെറും നാലാം ദിവസം, വേദനകൾക്കിടയിലും ആശുപത്രിക്കിടക്കയിൽ വെച്ച് തന്നെ വെടിവെച്ച വ്യക്തിക്ക് പാപ്പ പരസ്യമായി മാപ്പ് നൽകി. പിന്നീട് ജയിലിലെത്തി അലി അഗ്കയെ നേരിട്ട് കണ്ട് ക്ഷമിച്ച പാപ്പയുടെ നടപടി ക്രിസ്തീയ സ്നേഹത്തിന്റെയും ക്ഷമയുടെയും ഉത്തമ മാതൃകയായി ഇന്നും ലോകം വാഴ്ത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.