ചെന്നൈ: തമിഴ്‌നാട് നിയമ സഭയില്‍ വിശ്വാസവോട്ട് നേടി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍. എഐഎഡിഎംകെയിലെ 25 എംഎല്‍എമാര്‍ കൂറുമാറി വിജയ്ക്കൊപ്പം നിന്നതോടെ സര്‍ക്കാരിന് 144 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നു.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്നില്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 108 സീറ്റ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ഇല്ലായിരുന്നു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അടക്കം ഡിഎംകെ സഖ്യത്തില്‍ വിജയിച്ച ഘടക കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വിശ്വാസ വോട്ടെടുപ്പില്‍ ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ 47 എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സി.വി ഷണ്മുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു.