ചെന്നൈ: നീറ്റ് പരീക്ഷയിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. നീറ്റിന് പകരം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് വിജയ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നതായും ദേശീയതലത്തില്‍ ഇത്തരം പരീക്ഷകള്‍ നടത്തുന്നതിലെ ഘടനാപരമായ പിഴവുകള്‍ക്ക് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദേഹം സാമൂഹിക മാധ്യമം വഴി വ്യക്തമാക്കി.
2024 ല്‍ ആറ് സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടക്കുകയും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കാരങ്ങള്‍ക്കായി 95 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശകള്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതും പരീക്ഷ റദ്ദാക്കേണ്ടി വന്നതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണ്. മാത്രമല്ല നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്കും മാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷയുടെ തുടക്കം മുതല്‍ക്കേ തമിഴ്നാട് ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കും ഈ പരീക്ഷ വലിയ തിരിച്ചടിയാണെന്ന് സംസ്ഥാനം വാദിക്കുന്നു.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി നടത്താന്‍ നിയമപരമായ അനുമതി നല്‍കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം.