കാൻബറ: ഓസ്‌ട്രേലിയയിൽ ഇത്തവണ ശരത്കാലം കടന്നു പോകുന്നത് അസാധാരണമായ ചൂടിലും വരൾച്ചയിലുമെന്ന് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. വരാനിരിക്കുന്ന ശൈത്യകാലവും (ജൂൺ - ഓഗസ്റ്റ്) സാധാരണയേക്കാൾ ചൂടുള്ളതും വരണ്ടതുമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകുന്നു.
കിഴക്കൻ ഓസ്‌ട്രേലിയയിൽ രൂപപ്പെട്ട ശക്തമായ ഉച്ചമർദ വ്യൂഹങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമായത്. അന്തരീക്ഷത്തിലെ മേഘരൂപീകരണത്തെ ഈ ഉച്ചമർദം തടഞ്ഞതോടെ പകൽ സമയങ്ങളിൽ കടുത്ത വെയിൽ അനുഭവപ്പെട്ടു. പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റുകളെ ഈ മേഖലകൾ തടഞ്ഞു നിർത്തിയതിനാൽ കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ തീരെ കുറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഓസ്‌ട്രേലിയയിലെ അന്തരീക്ഷ താപനിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 1910 ന് ശേഷം ഓസ്‌ട്രേലിയയിലെ താപനില 1.51 ഡിഗ്രി സെൽഷ്യസ് വർധിച്ചു. ആഗോളതാപനം മൂലം ഭൂമിക്ക് ചുറ്റുമുള്ള ഉച്ചമർദ ബാൻഡായ 'സബ്‌ട്രോപ്പിക്കൽ റിഡ്ജ്' കൂടുതൽ കരുത്താർജിക്കുകയും മഴ കാറ്റുകളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
പസഫിക് സമുദ്രത്തിൽ 'എൽ നിനോ' പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന പ്രവചനം വരും മാസങ്ങളിൽ വരൾച്ച കടുപ്പിക്കുമെന്ന ആശങ്ക വർധിപ്പിക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെ ഓസ്‌ട്രേലിയയുടെ തെക്കു പടിഞ്ഞാറൻ, തെക്കു കിഴക്കൻ മേഖലകളിൽ മഴ കുറയാനും കാലാവസ്ഥ വരണ്ടതാകാനും സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനവും സമുദ്ര താപനിലയിലെ മാറ്റങ്ങളും വരും വർഷങ്ങളിൽ ഓസ്‌ട്രേലിയയിൽ കടുത്ത വരൾച്ചയ്ക്കും കൃഷി നാശത്തിനും കാരണമായേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.