ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ഒരു പ്രധാന പരിഷ്‌കാരമാകും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. നീറ്റ് യു.ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയുമെന്നാണ് കണക്കു കൂട്ടല്‍.
പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനും മൂല്യനിര്‍ണയം വേഗത്തിലാക്കാനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗ രേഖയും പരീക്ഷാ ഘടനയും ഉടന്‍ പുറത്തു വിടുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷാ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ പ്രാക്ടീസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
സുപ്രീം കോടതിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപിതമായ എന്‍.ടി.എ തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും മെച്ചപ്പെടുത്തുന്നതിനായി നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.