തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെയെന്ന് ശനിയാഴ്ച അറിയാം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് രമേശ് ചെന്നിത്തല വിട്ടു നിന്നെങ്കിലും അദേഹം മന്ത്രിസഭയിലുണ്ടാകും. ആഭ്യന്തര വകുപ്പാണ് പരിഗണനയിലുള്ളത്. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്താൽ ധനകാര്യം നല്‍കും.
നിയുക്ത മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ ശനിയാഴ്ച ഘടക കക്ഷികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയോടൊപ്പം തിങ്കളാഴ്ച എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ മന്ത്രിമാര്‍ ആരൊക്കെ, ഏതൊക്കെ വകുപ്പ് എന്നതുള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും ശനിയാഴ്ച തീരുമാനിക്കും.
നിയുക്ത മുഖ്യമന്ത്രി എറണാകുളത്തേക്ക് പോയെന്നും എല്ലാ ഘടകകക്ഷി നേതാക്കളെല്ലാം വൈകാതെ എത്തിച്ചേരുമെന്നും ഇന്നത്തെ യോഗത്തില്‍ ഔദ്യോഗിക തീരുമാനങ്ങള്‍ ഒന്നുമില്ലെന്നും യോഗ ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയില്‍ തങ്ങള്‍ നേരത്തെ കൈവശം വച്ചിരുന്ന വകുപ്പുകള്‍ തന്നെ വേണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. രണ്ട് മന്ത്രി സ്ഥാനം ജോസഫ് വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇടഞ്ഞു നില്‍ക്കുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ വി.ഡി സതീശന്‍ അദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയതിന് പിന്നാലെ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷിയും ചെന്നിത്തലയെ സന്ദര്‍ശിച്ചു.
ആഭ്യന്തര വകുപ്പിനൊപ്പം തന്റെ അനുയായികള്‍ക്ക് കാബിനറ്റില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകളും ചെന്നിത്തല മുന്നോട്ടു വെച്ചതായി അറിയുന്നു.
ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാക്കളും ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. ഇത് അദേഹം ആഭ്യന്തര വകുപ്പിലേക്ക് എത്തുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.