തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന അതൃപ്തികൾ പരിഹരിക്കാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി നേരിട്ട് ചർച്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുസ്ലിം ലീഗ് നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് സതീശൻ വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് വി.ഡി സതീശൻ ചെന്നിത്തലയെ കാണാനെത്തുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായ ചെന്നിത്തലയെ മുന്നണിയുടെയും സർക്കാരിന്റെയും ഭാഗമാക്കി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര സന്ദർശനം. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ച കടുത്ത നിർദേശങ്ങളാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്യുന്നത്.
പുതിയ സർക്കാരിൽ തനിക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിലേക്ക് ഉള്ളൂ എന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. തനിക്ക് പുറമെ തന്റെ വിശ്വസ്തരായ അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ എന്നിവരെയും പ്രധാന വകുപ്പുകൾ നൽകി പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തിലും സതീശനുമായി ചർച്ച നടക്കുകയാണ്.
നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ എത്രയും വേഗം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡിന്റെയും വി.ഡി സതീശന്റെയും നീക്കം. ചെന്നിത്തല ഉന്നയിച്ച ആവശ്യങ്ങളിൽ കോൺഗ്രസ് നേതൃത്വം എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും മന്ത്രിസഭയുടെ അന്തിമ ചിത്രം.