തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ പ്രധാന വകുപ്പുകളെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ വഴുതക്കാട്ടെ വസതിയിലെത്തി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തല പുതിയ സർക്കാരിൽ ആഭ്യന്തര മന്ത്രിയാകും എന്ന കാര്യത്തിൽ ധാരണയായി. ചെന്നിത്തലയ്ക്ക് ആഭ്യന്തരം വിട്ടുനൽകിയ സാഹചര്യത്തിൽ വി.ഡി സതീശൻ ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
മുഖ്യമന്ത്രി സ്ഥാനം വി.ഡി സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. അദേഹം മന്ത്രിസഭയിലേക്കില്ലെന്ന വാർത്തകൾ പരന്നതോടെ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷി, വി.ഡി സതീശൻ എന്നിവർ ചെന്നിത്തലയുടെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തി. മന്ത്രിസഭയുടെ ഭാഗമാകണമെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിന്നതോടെയാണ് ഇപ്പോൾ സമവായമുണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തര വകുപ്പും സ്വന്തം കൈകളിൽ വെക്കാനായിരുന്നു വി.ഡി സതീശന്റെ താല്പര്യമെങ്കിലും പാർട്ടിക്കുള്ളിലെ തർക്കങ്ങൾ ഒഴിവാക്കാൻ അദേഹം ചെന്നിത്തലയ്ക്ക് മുന്നിൽ വഴങ്ങുകയായിരുന്നു. ആഭ്യന്തരം വിട്ടുനൽകേണ്ടി വന്നാൽ ധനകാര്യ വകുപ്പ് താൻ തന്നെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് സതീശൻ.
ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമെ, തന്റെ വിശ്വസ്തനായ ഒരാളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കടുത്ത ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്നും അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ എന്നീ പേരുകളാണ് ചെന്നിത്തല നിർദേശിച്ചിരിക്കുന്നത്.
എന്നാൽ ഈ ആവശ്യത്തിന്മേൽ ഹൈക്കമാൻഡും വി.ഡി സതീശനും അന്തിമ അനുമതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.