തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. വി.ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായതായി സൂചന. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായത്. ഇക്കാര്യത്തില്‍ നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
അതേസമയം മുന്നണിയിലെ എല്ലാ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ യുഡിഎഫ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ചയും ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണിയാണ് അന്തിമമായി കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ലീഗ് നേതൃയോഗത്തില്‍ ഉയര്‍ന്ന് വന്ന പേരുകള്‍ പ്രകാരം പി.കെ കുഞ്ഞാലിക്കുട്ടി, പാറക്കല്‍ അബ്ദുള്ള, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ ഗഫൂര്‍ (അവസാന നിമിഷം വി.ഇ ഗഫൂറിന് പകരം എ.കെ.എം അഷ്‌റഫിനെയും പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്). പ്രമുഖ നേതാവായ പി.കെ ബഷീറിനെ ഇത്തവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ലെന്നാണ് ലീഗ് നേതൃയോഗത്തില്‍ നിന്നുള്ള വിവരം.
ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇതിന്മേല്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. വരും മണിക്കൂറുകളില്‍ നടക്കുന്ന ആഭ്യന്തര ചര്‍ച്ചകള്‍ക്ക് ശേഷമേ ലീഗിന്റെ അഞ്ചാം മന്ത്രിപദവിയില്‍ കോണ്‍ഗ്രസ് അന്തിമ നിലപാട് വ്യക്തമാക്കൂ.
മറ്റ് ഘടകകക്ഷികളായ ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നിവരുമായുള്ള ചര്‍ച്ചകളും ഇതിനോടകം പുരോഗമിക്കുകയാണ്. ഞായറാഴ്‌യോടെ മന്ത്രിസഭയുടെ പൂര്‍ണ രൂപം പുറത്ത് വരുമെന്നാണ് സൂചന.