തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനിരിക്കുന്ന വി.ഡി സതീശന്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം പട്ടത്തുള്ള സഭാ ആസ്ഥാനത്തായിരുന്നു സുപ്രധാന കൂടിക്കാഴ്ച.
സംസ്ഥാനത്തിന്റെ പുതിയ ഭരണ നേതൃത്വത്തിന് കാതോലിക്കാ ബാവ പൂര്‍ണ പിന്തുണയും പ്രാര്‍ത്ഥനയും ആശംസിച്ചു. കേരളത്തിന്റെ വികസന മുന്നേറ്റങ്ങള്‍ക്കും സാമൂഹിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും പുതിയ സര്‍ക്കാരിന് സാധിക്കട്ടെയെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സഭയും പൊതുസമൂഹവും നേരിടുന്ന വിവിധ സമകാലിക വിഷയങ്ങളും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചയായി.
ഭരണപരമായ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി സാമൂഹിക സാംസ്‌കാരിക മത മേലധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശീര്‍വാദം തേടുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി വി.ഡി സതീശന്‍ നടത്തുന്ന സൗഹൃദ സന്ദര്‍ശനങ്ങള്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.