മൈൻസ് (ജർമ്മനി): ജർമ്മനിയിലെ കത്തോലിക്കാ സഭയിൽ ചരിത്രപരമായ നേട്ടവുമായി മലയാളി വൈദികൻ. കേരളത്തിൽ ജനിച്ച കർമ്മലീത്ത സന്യാസസഭാംഗമായ മാർ ജോഷി ജോർജ് പൊറ്റയ്ക്കൽ (48) ജർമ്മനിയിലെ മൈൻസ് രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. ജർമ്മൻ രൂപതകളിൽ യൂറോപ്യൻ ഇതര പശ്ചാത്തലത്തിൽ നിന്നും ഈ പദവിയിലെത്തുന്ന ആദ്യത്തെ ബിഷപ്പാണ് മാർ ജോഷി ജോർജ് പൊറ്റയ്ക്കൽ.
മൈൻസ് കത്തീഡ്രലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അഭിഷേകം ചെയ്യപ്പെട്ടത്. ആഗോള കത്തോലിക്കാ സഭയുടെ അതിരുകളില്ലാത്ത സാർവത്രികതയുടെ ദൃശ്യമായ അടയാളമായി മാറി ഈ ശുശ്രൂഷാ ചടങ്ങുകൾ.
ആഗോള കുടിയേറ്റം ജർമ്മനിയിലെ കത്തോലിക്കാ സഭയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ നിയമനം. ജർമ്മനിയിലെ കത്തോലിക്കാ വിശ്വാസികളിലും വൈദികരിലും നാലിലൊന്ന് ഭാഗവും ജർമ്മനിക്ക് പുറത്തുനിന്നുള്ളവരാണെങ്കിലും പൊതു സമൂഹത്തിൽ പലപ്പോഴും അവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.
"കുടിയേറ്റക്കാരായ ഇവിടുത്തെ ജനങ്ങൾക്ക് സഭയിൽ ഒരു മുഖവും പൊതു അംഗീകാരവും നൽകാൻ എന്നെ നിയോഗിച്ചതിൽ ലിയോ പതിനാലാമൻ മാർപാപ്പയോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. അഭിഷേക ചടങ്ങിൽ പങ്കെടുത്തപ്പോൾ യഥാർത്ഥത്തിൽ ഞാൻ ആഗോള സഭയുടെ ഭാഗമാണെന്ന് എനിക്ക് തോന്നി."- ബിഷപ്പ് ജോഷി ജോർജ് പൊറ്റയ്ക്കൽ പറഞ്ഞു.
2003 ഡിസംബർ 28 നാണ് അദേഹം വൈദികനായി അഭിഷിക്തനായത്. തൊട്ടടുത്ത വർഷം ജർമ്മനിയിലേക്ക് മാറിയ ജോഷി ജോർജ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മൈൻസ് രൂപതയിൽ ഇടവക ശുശ്രൂഷകൻ, യുവജന ശുശ്രൂഷാ കോർഡിനേറ്റർ, രൂപതാ ഭരണ സമിതിയിലെ വൈദികർക്കായുള്ള വികാരി തുടങ്ങിയ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കഴിഞ്ഞ നവംബറിലാണ് ബിഷപ്പ് പദവിയിലേക്കുള്ള നാമനിർദേശ വാർത്ത അദേഹത്തെ തേടിയെത്തുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വാർത്തയെന്നും അക്കാദമിക് പശ്ചാത്തലത്തേക്കാൾ സാധാരണക്കാരുടെ ഇടയിലെ ഇടയവേലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തനിക്ക് തുടക്കത്തിൽ സംശയങ്ങളും യോഗ്യതക്കുറവിനെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നുവെന്നും ബിഷപ്പ് തുറന്നു പറഞ്ഞു. എന്നാൽ ആഴമായ പ്രാർത്ഥനയ്ക്ക് ശേഷം ഇത് ദൈവത്തിന്റെ വിളി തന്നെയെന്ന് തിരിച്ചറിഞ്ഞ് പൂർണ വിശ്വാസത്തോടെ പദവി ഏറ്റെടുക്കുകയായിരുന്നു.
യൂറോപ്പിൽ യുവാക്കൾ സഭയിൽ നിന്ന് അകന്നു പോകുന്ന സാഹചര്യത്തിൽ അവരെ കുറ്റപ്പെടുത്താതെ അവരുടെ ആശങ്കകളും താല്പര്യങ്ങളും കേൾക്കാൻ സഭ തയ്യാറാകണമെന്നും അവർക്ക് സഭയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ബിഷപ്പ് വിശ്വസിക്കുന്നു.
കേരളത്തിലെ പൗരാണികമായ മാർത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ വളർന്ന തനിക്ക് ജർമ്മനിയിലെ വിശ്വാസ രീതി വ്യത്യസ്തമായി തോന്നിയെങ്കിലും വിശ്വാസത്തിന്റെ അന്തസത്ത ഒന്നാണെന്ന് അദേഹം ഓർമ്മിപ്പിച്ചു.
മൈൻസ് രൂപതയുടെ സഹായ മെത്രാൻ എന്ന നിലയിൽ സന്യസ്ത ജീവിത മേൽനോട്ടം, സഭൈക്യ ചർച്ചകൾ, മതസൗഹാർദ ചർച്ചകൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ, സഭയുടെ ആഗോള ബന്ധങ്ങൾ എന്നിവയുടെ ചുമതലയാണ് ഇനി ബിഷപ്പ് ജോഷി ജോർജ് പൊറ്റയ്ക്കലിനുള്ളത്.
തന്റെ കുടുംബാംഗങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർമ്മലീത്ത സന്യാസികൾ, രൂപതാ വൈദികർ, മറ്റ് ക്രൈസ്തവ സഭാ പ്രതിനിധികൾ, സാമൂഹിക നായകന്മാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജർമ്മനിയിലെ മലയാളി സമൂഹത്തിന് മുഴുവൻ അഭിമാനമായി മാറിയ ഈ മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.