പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 18 | പതിനെട്ടാം ദിവസം

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 18 | പതിനെട്ടാം ദിവസം

“അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും” (എശയ്യ 7:14)
പരിശുദ്ധ കന്യകയുടെ കന്യാത്വം
ദൈവം സ്ത്രീകള്‍ക്ക് നല്‍കിയ മഹത്തായ ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവികമായി ഇവ രണ്ടും ഒരാളില്‍ ഒരുമിക്കുന്നത് അസാധ്യമായിരുന്നെങ്കിലും പരിശുദ്ധ അമ്മയില്‍ അത് സഫലമായി. ദൈവശാസ്ത്രത്തില്‍ കന്യാത്വം ഒരു മഹത്തായ സുകൃതമാണ്. പ. കന്യകയുടെ കന്യാത്വത്തിലൂടെയാണ് ലോകപരിത്രാതാവായ ഈശോ മനുഷ്യരിലേക്കു വന്നത്. അതിനാല്‍ കന്യാത്വം ആത്മീയ ജനനത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്നു.
പരിശുദ്ധ മറിയത്തിന്റെ കന്യാത്വത്തിന് യാതൊരു ഭംഗവും സംഭവിക്കാതെയാണ് മിശിഹാ ജനിച്ചത് എന്നത് അപ്പസ്തോലികകാലം മുതല്‍ സഭ വിശ്വസിച്ച സത്യമാണ്. “കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും” എന്ന എശയ്യ പ്രവാചകന്റെ പ്രവചനം ക്രിസ്തുവിന്റെ കന്യകയില്‍നിന്നുള്ള ജനനത്തെ വ്യക്തമാക്കുന്നു.

വി. ലൂക്കാ സുവിശേഷത്തില്‍ ദൈവദൂതന്‍ കന്യകയായ മറിയത്തിന്റെ പക്കലേക്ക് അയയ്ക്കപ്പെടുന്നു (ലൂക്കാ 1:26). മറിയം ചോദിക്കുന്നു: “ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എങ്ങനെ സംഭവിക്കും?” ദൈവദൂതന്‍ മറുപടി നല്‍കുന്നു: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്നെ ആവരിക്കും...” (ലൂക്കാ 1:34-37). ഇതിലൂടെ പരിശുദ്ധാത്മാവിനാല്‍ ഉണ്ടായ അത്ഭുതഗര്‍ഭധാരണം വെളിപ്പെടുന്നു.
വി. മത്തായിയുടെ സുവിശേഷവും ഇത് ഉറപ്പിക്കുന്നു: “അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (മത്തായി 1:18).
ഇന്നത്തെ ലോകത്തില്‍ ലൈംഗികാതിപ്രസരവും ശുദ്ധതയുടെ നഷ്ടവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പരിശുദ്ധ കന്യകയുടെ ജീവിതം ആത്മശരീര വിശുദ്ധിയോടെ ജീവിക്കുവാനുള്ള പ്രചോദനമാണ്. ഓരോരുത്തരും തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് വിശുദ്ധി പാലിക്കണം. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാരാണ്; അവർ ദൈവത്തെ കാണും. പരിശുദ്ധ മറിയത്തോടുള്ള ഭക്തി ശുദ്ധതയുടെ ഉറച്ച അടയാളമാണ്.

സംഭവം
അയര്‍ലന്‍ഡിലെ വി. ബ്രിജിറ്റ് അതിയായ സൗന്ദര്യമുള്ളവളും പരിശുദ്ധ അമ്മയോടു വലിയ ഭക്തിയുള്ളവളുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ അവള്‍ കന്യാവ്രതം സ്വീകരിച്ചു. പക്ഷേ മാതാപിതാക്കള്‍ വിവാഹത്തിനായി നിര്‍ബന്ധിച്ചു. ഒരു പ്രഭുകുമാരന്‍ അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ബ്രിജിറ്റ് തന്റെ വ്രതം സംരക്ഷിക്കാന്‍ വിവാഹത്തില്‍നിന്ന് പിന്തിരിഞ്ഞു. ശുദ്ധതയോടുള്ള സ്നേഹത്തിന്റെ ഭാഗമായി അവള്‍ സ്വന്തം സൗന്ദര്യം പോലും ഉപേക്ഷിച്ചു. പിന്നീട് അത്ഭുതകരമായി അവളുടെ പഴയ സൗന്ദര്യം തിരികെ ലഭിച്ചു. വിശുദ്ധജീവിതം നയിച്ച അവള്‍ “അയര്‍ലന്‍ഡിലെ മേരി” എന്ന വിശേഷണത്തിന് അര്‍ഹയായി.
എല്ലാ വിശുദ്ധരും തങ്ങളുടെ ശുദ്ധത സംരക്ഷിക്കുന്നതിനായി പരിശുദ്ധ കന്യകയോടു പ്രത്യേക ഭക്തി പുലര്‍ത്തിയിരുന്നു. അവള്‍ കന്യകകളുടെ രാജ്ഞിയാണ്.

പ്രാര്‍ത്ഥന
പ. കന്യകയെ, ആത്മശരീര വിശുദ്ധിയോടെ ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമേ. ഇന്നത്തെ ലോകത്തില്‍ ആത്മനൈര്‍മ്മല്യം നഷ്ടപ്പെടുത്തി ജീവിക്കുന്നവര്‍ക്ക് മാനസാന്തരത്തിനുള്ള കൃപ ലഭിക്കട്ടെ. ഹൃദയശുദ്ധിയോടുള്ള സ്നേഹം ഞങ്ങളിലുമുണ്ടാകുവാന്‍ ജ്ഞാനവും ശക്തിയും നല്‍കേണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസിന്റെ ജപം
“എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ അഭയം പ്രാപിച്ചവരില്‍ ഒരാളും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്ന വിശ്വാസത്തോടെ ഞാന്‍ നിന്റെ സന്നിധിയില്‍ വരുന്നു. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, പാപിയായ എന്നെ കരുണയോടെ കേട്ടരുളേണമേ. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം സ്വീകരിക്കേണമേ.”
ആമ്മേനീശോ.

 “ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ.”
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

സുകൃതജപം
കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.