മാഡ്രിഡ്: വിശ്വാസത്തിന്റെ കരുത്ത് ഏതൊരു കൊടുമുടിയേക്കാളും വലുതാണെന്ന് തെളിയിച്ച് പതിനെട്ടുകാരനായ ഫ്രഞ്ച് യുവാവ് ലോക ശ്രദ്ധ നേടുന്നു. സ്പെയിനിലെ പൈറനീസ് പർവ്വതനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ അനറ്റോയിൽ സാമൂഹ്യ വിരുദ്ധർ തകർത്ത കുരിശിന് പകരം പുതിയ മരക്കുരിശ് തോളിലേറ്റി നടന്നു കയറി സ്ഥാപിച്ച മായൽ എന്ന യുവാവാണ് ഇപ്പോൾ ആഗോളതലത്തിൽ ഹീറോയായിരിക്കുന്നത്.
സമുദ്ര നിരപ്പിൽ നിന്ന് 3,404 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലേക്ക് 35 കിലോ ഭാരമുള്ള ഭീമൻ കുരിശും ചുമന്നായിരുന്നു ഈ കൗമാരക്കാരന്റെ അസാധാരണമായ യാത്ര. 1951 ൽ അനറ്റോ കൊടുമുടിയിൽ സ്ഥാപിക്കപ്പെട്ട ഏകദേശം 100 കിലോ ഭാരമുള്ള പ്രശസ്തമായ അലുമിനിയം കുരിശ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് അജ്ഞാതരായ അക്രമികൾ മുറിച്ചുമാറ്റിയത്. ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ച് കുരിശ് മുറിച്ചെടുത്ത ശേഷം മലമുകളിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു.
പർവ്വതാരോഹകരുടെ പ്രധാന അടയാളമായിരുന്ന ഈ കുരിശിന് നേരെയുണ്ടായ അതിക്രമം വിശ്വാസികളെയും പ്രാദേശിക ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. നിലവിൽ സ്പാനിഷ് സിവിലിയൻ ഗാർഡ് ഈ സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. ഈ വാർത്തയറിഞ്ഞ മായൽ തകർത്ത കുരിശിന് പകരം അവിടെ മറ്റൊന്ന് സ്ഥാപിക്കാൻ ഉറപ്പിച്ചു. കറുത്ത വാൾനട്ട് തടിയിൽ 'ഫ്ലൂർസ് ഡെയിലീസ്' മുദ്രകൾ കൊത്തിവെച്ച് 35 കിലോ ഭാരമുള്ള ഒരു പുതിയ കുരിശ് അവൻ സ്വന്തമായി നിർമ്മിക്കുകയായിരുന്നു. കടുത്ത കാലാവസ്ഥയെ അതിജീവിക്കാൻ പ്രത്യേക വാർണിഷും ഇതിൽ പൂശി.
മെയ് ഒമ്പത് ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് മായൽ തന്റെ ദൗത്യം ആരംഭിച്ചത്. തോളിൽ 35 കിലോ ഭാരമുള്ള കുരിശുമായി കുത്തനെയുള്ള മലനിരകളിലൂടെ 14 മണിക്കൂറും 45 മിനിറ്റും അവൻ ഒറ്റയ്ക്ക് സഞ്ചരിച്ചു. ഒടുവിൽ ഉച്ചയ്ക്ക് 2:40 ഓടെ കൊടുമുടിയിൽ എത്തിയ മായൽ കഠിനമായ തണുപ്പിനെയും വായുമർദത്തെയും അതിജീവിച്ച് തന്റെ പക്കലുണ്ടായിരുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് മഞ്ഞിൽ പുതിയ കുരിശുറപ്പിച്ചു.
അക്രമികൾ എവിടെയൊക്കെ തകർത്തെറിയുന്നുവോ അവിടെയൊക്കെ തങ്ങൾ വീണ്ടും കുരിശുകൾ ഉയർത്തുമെന്ന ശക്തമായ സന്ദേശമാണ് ഈ പ്രവർത്തിയിലൂടെ മായൽ ലോകത്തിന് നൽകുന്നത്. പരിചയ സമ്പന്നരായ പർവ്വതാരോഹകരെപ്പോലും അത്ഭുതപ്പെടുത്തിയ ഈ കൗമാരക്കാരന്റെ അസാധാരണ മലകയറ്റത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.