ഓസ്ലോ: വാര്‍ത്താ സമ്മേളനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച നോര്‍വീജിയന്‍ മാധ്യമ പ്രവര്‍ത്തക ഹെല്ല ലിങിന്റെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ പൂട്ടിയതെന്ന് ഹെല്ല ആരോപിച്ചു.
തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്. ഒരു ദിവസം മുഴുവന്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വന്നതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടിയുണ്ടായതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നല്‍കേണ്ടി വരുന്ന വിലയാണിതെന്നും സസ്‌പെന്‍ഷന്‍ നോട്ടിസിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഹെല്ല കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോര്‍വെ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എംബസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഹെല്ല ലിങ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ ചെയ്തത്.
'പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാന്‍ താങ്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല?, ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോ?, ഭാവിയില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ നേരിടാന്‍ താങ്കള്‍ തയാറാകുമോ?' എന്നിവയായിരുന്നു ഹെല്ലയുടെ ചോദ്യങ്ങള്‍.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി (മാധ്യമ സ്വാതന്ത്ര്യത്തില്‍ നോര്‍വേ ലോകത്ത് ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണ്) ഹെല്ല ലിങ് ഉയര്‍ത്തിയ ചോദ്യങ്ങളോട് മോഡി പ്രതികരിച്ചില്ല. പകരം മലയാളിയായ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോര്‍ജ് ആണ് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.
ചൈനയെയും ഷി ജിന്‍ പിങിനെയും പുകഴ്ത്തി അവര്‍ മുന്‍പ് എഴുതിയ ലേഖനങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹെല്ല ലിങ് വിദേശ ചാര വനിതയാണെന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഇവരുടെ എക്‌സ് അക്കൗണ്ടിന് വലിയ രീതിയില്‍ ഫോളോവേഴ്‌സ് കൂടുകയും ചെയ്തിരുന്നു.