മെക്സിക്കോ സിറ്റി: ജീവിതവും മരണവും തമ്മിലുള്ള ദൂരം വെറും സെക്കൻഡുകൾ മാത്രമാണെന്ന് തെളിയിച്ച ഒരു ഭീകരമായ കാർ അപകടത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് കത്തോലിക്കാ വൈദികനായ ഫാ. ഫെലിപ്പെ മാർട്ടിനെസ്. അപകടം നടന്ന് ഒരു വർഷം തികയുന്ന വേളയിലാണ് തന്നെയും അമ്മയെയും മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച ദൈവാനുഗ്രഹത്തെക്കുറിച്ച് അദേഹം മനസ് തുറന്നത്. കേവലമൊരു അപകട കഥ എന്നതിനപ്പുറം പ്രാർഥനയുടെയും വിശ്വാസത്തിന്റെയും കരുത്തിൽ തിരികെ ലഭിച്ച ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഈ വൈദികന്റെ വാക്കുകൾ.
ഒരു വർഷം മുൻപ് തന്റെ അമ്മയോടൊപ്പം ഒരു വിശുദ്ധ കുർബാന അർപ്പിക്കാനായി വണ്ടി ഓടിച്ചു പോവുകയായിരുന്നു ഫാ. ഫെലിപ്പെ. എന്നാൽ എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന മറ്റൊരു വാഹനം തങ്ങളുടെ നേരെ പെട്ടെന്ന് പാഞ്ഞു കയറി. ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചത്തിൽ കണ്ണുകൾ മങ്ങിപ്പോയ ആ നിമിഷത്തിൽ വണ്ടി വെട്ടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സമയം ലഭിച്ചില്ല. നിമിഷങ്ങൾക്കകം ആ വാഹനം കാറിൽ അതിശക്തമായി വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ അമ്മയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
"വണ്ടി പൂർണമായും തകർന്നിട്ടും എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്ത് എനിക്ക് ഭയമോ നിലവിളിക്കണമെന്നോ തോന്നിയില്ല. ഞാൻ ദൈവത്തോട് പറഞ്ഞു: ‘കർത്താവേ, ഞങ്ങൾ നിന്റെ കൈകളിലാണ്. എന്റെ അമ്മയ്ക്ക് ജീവനുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷെ ഞങ്ങൾ നിന്റേതാണ്,"- ഫാ. ഫെലിപ്പെ ഓർക്കുന്നു.
അപകട സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കാറിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് രക്തത്തിൽ കുളിച്ചുകിടന്ന വൈദികനെ പുറത്തെടുത്തത്. ഒരു വർഷത്തിന് ശേഷം അന്നത്തെ രക്ഷാപ്രവർത്തകനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അദേഹം പറഞ്ഞത് ആ കാറിന്റെ അവസ്ഥ കണ്ടിട്ട് അതിൽ ആരും ജീവനോടെ ബാക്കിയുണ്ടാകുമെന്ന് കരുതിയിരുന്നില്ല എന്നാണ്.
തന്റെ ജനനവുമായി ബന്ധപ്പെട്ട മറ്റൊരു അത്ഭുതവും ഫാ. ഫെലിപ്പെ ഈ അവസരത്തിൽ ഓർത്തെടുത്തു. കൃത്യം 38 വർഷങ്ങൾക്ക് മുൻപ് അമ്മ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയ പിതാവിന്റെ വണ്ടിയും ഇതേപോലെ റോഡിൽ നിന്ന് മറിഞ്ഞ് വലിയൊരു അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ദൈവാനുഗ്രഹത്താൽ അമ്മയും ഉദരത്തിൽ ജനിക്കാനിരുന്ന കുഞ്ഞും (ഫാ. ഫെലിപ്പെ) രക്ഷപെട്ടു. ഇന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു വലിയ അപകടത്തിൽ നിന്നും താൻ രക്ഷപെട്ടിരിക്കുന്നു.
കഷ്ടപ്പാടുകളും പ്രതിസന്ധികളും ദൈവത്തെ കൂടുതൽ അടുത്തറിയാനുള്ള അവസരങ്ങളാണെന്നും മരണത്തിന്റെ കരിനിഴലിൽ പോലും ദൈവത്തിന്റെ ജീവനുള്ള സാന്നിധ്യം താൻ അനുഭവിച്ചറിഞ്ഞുവെന്നും അദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ ദുരന്തം തന്നെ കൂടുതൽ ആത്മീയമായ തിരിച്ചറിവുകളിലേക്ക് നയിച്ചുവെന്ന് പറഞ്ഞാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.