ദേശീയ സുരക്ഷാ സംഘത്തിന്റെ അടിയന്തര യോഗം വിളിച്ച് ട്രംപ്; ഇറാനില്‍ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങുന്നതായി സൂചന

 ദേശീയ സുരക്ഷാ സംഘത്തിന്റെ അടിയന്തര  യോഗം വിളിച്ച് ട്രംപ്; ഇറാനില്‍ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങുന്നതായി സൂചന

വാഷിങ്ടണ്‍: സമാധാന ശ്രമങ്ങള്‍ക്ക് വേഗത കുറഞ്ഞതോടെ ഇറാനെതിരായ സൈനിക നടപടി അമേരിക്ക വീണ്ടും പരിഗണിക്കുന്നതായി സൂചന. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനില്‍ വീണ്ടും ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനും അമേരിക്കയും തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് നയതന്ത്ര ചര്‍ച്ചകള്‍ നീണ്ടു പോകാന്‍ കാരണം. അതിനിടെ ഇന്നലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ സംഘത്തിന്റെ അടിയന്തര ഉന്നതതല യോഗം വിളിച്ചത് അമേരിക്ക വീണ്ടും ഇറാനില്‍ സൈനിക നടപടിക്കൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കി.

യോഗത്തില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്യൂസി വൈല്‍സ് എന്നിവരുള്‍പ്പെടെ പങ്കെടുത്തതായാണ് വിവരം.

ഇറാനുമായുള്ള ചര്‍ച്ചകളുടെ പുരോഗതി, നയതന്ത്രം പരാജയപ്പെട്ടാലുള്ള മുന്നോട്ടുപോക്ക്, സൈനിക തയ്യാറെടുപ്പുകള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ചയായി. യോഗത്തിന് പിന്നാലെ ട്രംപിന്റെ വാരാന്ത്യ പരിപാടികള്‍ നിര്‍ത്തി വെച്ചതും ആശങ്ക പരത്തുന്നു.

അതിനിടെ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ തര്‍ക്ക പരിഹാരത്തിനായി ഇറാനിലേക്ക് തിരിച്ചു. ഇറാന്‍ സൈന്യമായ ഐ.ആര്‍.ജി.സിയുടെ മുതിര്‍ന്ന കമാന്‍ഡറായ ജനറല്‍ അഹ്‌മദ് വഹീദുമായി ശനിയാഴ്ച ചര്‍ച്ച നടത്തും. ഖത്തര്‍ പ്രതിനിധി സംഘവും ചര്‍ച്ചയില്‍ പങ്കെടുക്കും. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ സുപ്രധാന കാര്യങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.