വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ പ്രതിസന്ധി മറികടക്കുന്നതിന് അടിയന്തര സാമ്പത്തിക സഹായത്തിനായി 27 രാജ്യങ്ങള്‍ ലോകബാങ്കിനെ സമീപിക്കാനൊരുങ്ങുന്നു. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
പശ്ചിമേഷ്യന്‍ യുദ്ധം ആഗോള ഊര്‍ജ വിതരണ ശൃംഖലയെ തകിടം മറിക്കുകയും ഇന്ധനവില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്തതോടെയാണ് പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
പ്രതിസന്ധി ഇനിയും രൂക്ഷമാകുന്ന പക്ഷം അടിയന്തര സാഹചര്യങ്ങളില്‍ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ രാജ്യങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. ഫെബ്രുവരി 28 ന് ഇസ്രയേല്‍-യു.എസ് ആക്രമണത്തിന് പിന്നാലെ ഇറാനുമായി യുദ്ധമാരംഭിച്ചതോടെ മൂന്ന് രാജ്യങ്ങള്‍ ഇതിനോടകം ലോക ബാങ്കുമായി പുതിയ സാമ്പത്തിക കരാറുകള്‍ അംഗീകരിച്ചിട്ടുണ്ട്.
കെനിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ ലോക ബാങ്കിന്റെ സഹായം തേടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ധന വില വര്‍ധനവും എണ്ണ വരുമാനത്തിലുണ്ടായ വന്‍ ഇടിവുമാണ് ഈ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വളം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം തടസപ്പെട്ടത് വികസ്വര രാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഏകദേശം 20 മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെ വിവിധ രാജ്യങ്ങള്‍ക്ക് അടിയന്തര സഹായമായി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഇത് 60 മുതല്‍ 100 ബില്യണ്‍ ഡോളര്‍ വരെയായി ഉയര്‍ത്താനും ബാങ്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ മുന്നോട്ടു വെക്കുന്നതിനാല്‍ ലോക ബാങ്കിന്റെ സഹായം തേടാനാണ് മിക്ക രാജ്യങ്ങളും താല്‍പര്യപ്പെടുന്നത്. അതേസമയം സഹായം തേടുന്ന 27 രാജ്യങ്ങളുടെ പേരുവിവരങ്ങളോ ഇവര്‍ ആവശ്യപ്പെട്ട തുകയോ ലോക ബാങ്ക് ഇതുവരെയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.