അടുക്കളയിലെ ജപമാല പ്രാർത്ഥന തന്ന സൗഭാഗ്യം; 11 മക്കളും നൂറിലധികം കൊച്ചു മക്കളുമായി വിവാഹ വാർഷികം ആഘോഷിച്ച് അമേരിക്കൻ ദമ്പതികൾ

അടുക്കളയിലെ ജപമാല പ്രാർത്ഥന തന്ന സൗഭാഗ്യം; 11 മക്കളും നൂറിലധികം കൊച്ചു മക്കളുമായി വിവാഹ വാർഷികം ആഘോഷിച്ച് അമേരിക്കൻ ദമ്പതികൾ

ഒഹായോ: 11 മക്കൾ, 68 പേരക്കുട്ടികൾ, അവരുടെ 109 ചെറുമക്കൾ, ഉദരത്തിൽ വളരുന്ന 11 ഗർഭസ്ഥശിശുക്കൾ... ജീവന്റെയും സ്നേഹത്തിന്റെയും വലിയൊരു സാമ്രാജ്യത്തിന് നടുവിൽ നിന്ന് അമേരിക്കൻ ദമ്പതികളായ ജീനും ഡൊറോത്തിയും തങ്ങളുടെ 70-ാം വിവാഹ വാർഷികം ആഘോഷിച്ചു.

അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള സെന്റ് റെമി ദേവാലയത്തിൽ നടന്ന പ്രത്യേക ദിവ്യബലിയിൽ 201 അംഗങ്ങളുള്ള ഈ വലിയ കുടുംബത്തിലെ ഭൂരിഭാഗം പേരും പങ്കെടുത്തു. വൈദികനായ ഇവരുടെ ചെറുമകനാണ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. അൾത്താര ശുശ്രൂഷയും ഗാനാലാപനവുമെല്ലാം കുടുംബാംഗങ്ങൾ തന്നെ നിർവഹിച്ച ചടങ്ങ് വേറിട്ടൊരു അനുഭവമായി മാറി.‌‌

1950 കളിലായിരുന്നു ജീനിന്റെയും ഡൊറോത്തിയുടെയും വിവാഹം. ജീൻ 14 മക്കളിൽ ഏറ്റവും ഇളയവനും ഡൊറോത്തി 10 മക്കളിൽ നാലാമത്തവളുമായിരുന്നു. വലിയ കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന ഇരുവരും തങ്ങളെക്കുറിച്ചുള്ള ദൈവഹിതം പൂർണമായി സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.

ജീൻ സൈന്യത്തിലായിരുന്ന സമയത്ത് ജർമ്മനിയിൽ വെച്ച് പ്രശസ്ത മിസ്റ്റിക്കും ദൈവദാസിയുമായ തെരേസ് ന്യൂമാനെ സന്ദർശിച്ചതാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹ നിമിഷമെന്ന് ഇവർ വിശ്വസിക്കുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇവരുടെ മൂത്ത മകൾ ഏഞ്ചല ജനിക്കുന്നത്. തുടർന്ന് പത്ത് മക്കൾ കൂടി ഇവർക്ക് ജനിച്ചു.

ഒഹായോയിലെ ഒരു ഫാമിലേക്ക് താമസം മാറിയാണ് ഇവർ മക്കളെ വളർത്തിയത്. കഠിനാധ്വാനവും ദൈവ വിശ്വാസവും മാതാപിതാക്കളിൽ നിന്ന് നേരിട്ടാണ് മക്കൾ കണ്ടുപഠിച്ചത്. രാത്രിയിലെ അത്താഴത്തിന് ശേഷം കുടുംബം ഒന്നടങ്കം അടുക്കളയിൽ മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലുന്ന പതിവ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഈ കുടുംബം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു.

നൂറിലധികം കുട്ടികളായിട്ടും ഇന്നും കുടുംബത്തിൽ ഒരു പുതിയ കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഡൊറോത്തി ഒരു കൊച്ചു കുട്ടിയെപ്പോലെ ആഹ്ളാദിക്കുമെന്ന് ജീൻ പറയുന്നു. ക്രൈസ്തവ മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലും കെട്ടിപ്പടുത്ത ജീന്റെയും ഡൊറോത്തി റിച്ചാർഡിന്റെയും ഈ ദാമ്പത്യ ജീവിതം പുതിയ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.