മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല; എൽഡിഎഫ് സർക്കാർ പോണപോക്കിൽ എ‌ട്ടിന്റെ പണി തന്നു: വി.ഡി സതീശൻ

മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല; എൽഡിഎഫ് സർക്കാർ പോണപോക്കിൽ എ‌ട്ടിന്റെ പണി തന്നു: വി.ഡി സതീശൻ

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ സർക്കാർ കാലാവധി പൂർത്തിയാക്കി ഇറങ്ങുന്ന സമയത്ത് മുനമ്പം ഭൂമി വഖഫ് പോർട്ടലിൽ ബോധപൂർവം രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അവിടെ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ നടന്ന ശ്രമങ്ങൾക്ക് അന്നത്തെ സർക്കാർ കൂട്ടുനിൽക്കുകയാണ് ചെയ്തത്.

രാഷ്ട്രീയ നിയമനത്തിലൂടെ മുൻ സർക്കാർ രൂപീകരിച്ച വഖഫ് ബോർഡാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സാധാരണഗതിയിൽ വഖഫ് ഭൂമി രജിസ്റ്റർ ചെയ്യുന്നത് അതിന്റെ മുത്തവല്ലിയാണ്. എന്നാൽ ഇവിടെ വഖഫ് ബോർഡ് നേരിട്ടാണ് ഭൂമി പോർട്ടലിൽ ഉൾപ്പെടുത്തിയത്. വരാൻ പോകുന്ന സർക്കാരിന് കൃത്യമായ തീരുമാനമെടുക്കാൻ അവസരം നൽകാതെ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഈ നീക്കത്തെ സർക്കാർ നിയമപരമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുനമ്പത്തു നിന്ന് ഒരു കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കുന്ന പ്രശ്നമില്ലെന്നും അവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. അവിടുത്തെ ജനങ്ങൾക്ക് ഭൂമിനികുതി അടയ്ക്കാനുള്ള സൗകര്യം വേഗത്തിൽ പുനസ്ഥാപിക്കും. സിപിഎം നേതൃത്വം നൽകിയ മുൻ സർക്കാർ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയ്ക്ക് കുടപിടിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.