പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി. ഡി സതീശൻ; നാളെ അമിത് ഷായെ കാണും

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി. ഡി സതീശൻ; നാളെ അമിത് ഷായെ കാണും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി. ഡി സതീശൻ. ഇരുവരും തമ്മിലുള്ള സംഭാഷണം 20 മിനിട്ട് നീണ്ടുനിന്നു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

കേരളത്തിൻ്റെ വികസനത്തിന് പിന്തുണ തേടാനാണ് മുഖ്യമന്ത്രി മോഡിയെ കണ്ടതെന്നാണ് വിവരം. മുഖ്യമന്ത്രിയായ ശേഷമുള്ള വി.ഡി സതീശൻ്റെ ആദ്യ കൂടിക്കാഴ്ചയാണിത്. കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ചുള്ള ആവശ്യങ്ങൾ ഉന്നയിച്ചതായാണ് വിവരം.

ധനമന്ത്രി നിർമല സീതാരാമനെയും വി. ഡി സതീശന്‍ കാണുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ കേരളത്തിലേക്കുള്ള മടക്കയാത്ര.

വിവിധ പദ്ധതികളുടെ നടത്തിപ്പിന്‌ സർക്കാരിന്‌ കേന്ദ്ര സഹായം ആവശ്യമുണ്ട്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്ര സഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇതിൽ കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.