തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്‌സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മരുമകനും ബേപ്പൂര്‍ എംഎല്‍എയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തുന്നു. ഇന്ന് പുലര്‍ച്ചെ 6:30 നാണ് ഇഡി ഉദ്യോഗസ്ഥര്‍ ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചത്.
കേരളത്തിലും ബംഗളൂരുവിലുമായി ആകെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫിസ്, കമ്പനി എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് എന്നിവിടങ്ങളിലും ബംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുന്നത്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. പിണറായി വിജയനും കേസില്‍ ആരോപണ വിധേയയായ മകള്‍ വീണ വിജയനും കുടുംബവും തിരുവനന്തപുരത്തെ വീട്ടിലുണ്ട്. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ടെങ്കിലും അദേഹം നിലവില്‍ സ്ഥലത്തില്ലെന്നാണ് വിവരം.
ഇഡി അന്വേഷണം ചോദ്യം ചെയ്തും സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഇഡിയുടെ നടപടികള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകാമെന്നുമുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് കേന്ദ്ര ഏജന്‍സിയുടെ നിര്‍ണായക നീക്കം.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഐടി കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സിന്, സിഎംആര്‍എല്‍ കമ്പനി നല്‍കാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപ നിയമ വിരുദ്ധമായി നല്‍കിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് ആധാരം. ഇതിന് പിന്നാലെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.