ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ബംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6 ഇ 6017 നമ്പര്‍ ഫ്‌ളൈറ്റിലാണ് പുകഭീതി ഉണ്ടായത്.
എമര്‍ജന്‍സി എസ്‌കേപ്പ് സ്ലൈഡുകള്‍ വഴിയുള്ള അതിവേഗ ഒഴിപ്പിക്കലിനിടയില്‍ രണ്ട് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന 230 ലധികം യാത്രക്കാരും ജീവനക്കാരും പൂര്‍ണ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
എയര്‍ബസ് എ321 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പുറപ്പെടുന്നതിന് മുന്നോടിയായി പാര്‍ക്കിങ് ബേയില്‍ നിന്നും വിമാനം പിന്നിലേക്ക് മാറ്റിയ ശേഷം റണ്‍വേയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് സംഭവം. പെട്ടെന്ന് വിമാനത്തിന്റെ കോക്ക്പിറ്റിലും പാസഞ്ചര്‍ കാബിനിലും ഒരുപോലെ പുക നിറയുകയായിരുന്നു.
സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൈലറ്റും ക്യാബിന്‍ ക്രൂവും അടിയന്തര പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് എല്ലാ എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകളും തുറന്ന് എയര്‍ ബെഡുകള്‍ വിന്യസിക്കുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.
പരിക്കേറ്റ രണ്ട് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും സുരക്ഷിതമായി ടെര്‍മിനലിലേക്ക് മാറ്റിയതായി ഇന്‍ഡിഗോ വക്താവ് അറിയിച്ചു. ചെന്നൈയിലേക്കുള്ള യാത്രക്കാര്‍ക്കായി പിന്നീട് മറ്റൊരു ബദല്‍ വിമാനം ഏര്‍പ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് ഏവിയേഷന്‍ വാച്ച്‌ഡോഗായ ഡിജിസിഎ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുക ഉയര്‍ന്ന വിമാനം വിശദമായ പരിശോധനകള്‍ക്കായി ഗ്രൗണ്ട് ചെയ്തു. പുക ഉയര്‍ന്നതിന്റെ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന നടത്തി വരികയാണ്. ഈ മാസം ആദ്യം ഹൈദരാബാദ്-ചണ്ഡീഗഡ് ഇന്‍ഡിഗോ വിമാനത്തിലും സമാനമായ രീതിയില്‍ പുക ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അന്ന് യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചതായിരുന്നു പുകയ്ക്ക് കാരണമായി കണ്ടെത്തിയത്.