തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസുകളിലും തുടരുന്ന ഇ.ഡി റെയ്ഡില്‍ സംസ്ഥാന വ്യാപക സിപിഎം പ്രതിഷേധം.
സംഭവത്തില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഭയപ്പെട്ട് പിന്നോട്ടു പോകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാരിന് മുന്നില്‍ കുമ്പിടില്ല എന്നാണ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ പ്രതികരണം.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കര്‍ണാടകയിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടക്കുന്നത്. രാവിലെ ആറ് മുതല്‍ തുടങ്ങിയ പരിശോധന തുടരുകയാണ്. പിണറായിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും റെയ്ഡ് നടക്കുന്നു. പിണറായിയെയും വീണ വിജയനെയും ഇ.ഡി ചോദ്യം ചോദ്യം ചെയ്തു.
റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ്. പിണറായി വിജയന്റെ ബേക്കറി ജംങ്ഷനിലെ വീട്ടിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് മുന്‍മന്ത്രി വി.ശിവന്‍കുട്ടി, വി.ജോയി എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, വി.കെ.പ്രശാന്ത്, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
എകെജി സെന്ററിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് തിരുവനന്തപുരത്ത് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിലും നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നുണ്ട്.