മണലാരണ്യത്തിലെ ഇരുണ്ട നാളുകളോട് വിട: അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി; കരിപ്പൂരില്‍ കണ്ണീരണിഞ്ഞ് ഉറ്റവര്‍

മണലാരണ്യത്തിലെ ഇരുണ്ട നാളുകളോട് വിട: അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി; കരിപ്പൂരില്‍ കണ്ണീരണിഞ്ഞ് ഉറ്റവര്‍

കോഴിക്കോട്: രണ്ട് പതിറ്റാണ്ട് കാലത്തെ മണലാരണ്യത്തിലെ ജയില്‍ വാസത്തിന് വിരാമമിട്ട് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ഒടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ 7:35 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ റഹീമിനെ സ്വീകരിക്കാന്‍ ബന്ധുക്കളും അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് എത്തിയത്.

സൗദി സമയം ബുധനാഴ്ച രാത്രി 11:55 ന് റിയാദില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടേക്ക് തിരിച്ചത്. സൗദി ജയില്‍ അധികൃതര്‍ തന്നെയാണ് റഹീമിനെ എയര്‍പോര്‍ട്ടിലെത്തിച്ച് എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

2006 നവംബര്‍ 28 നാണ് 26 കാരനായ അബ്ദുല്‍ റഹീം ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നത്. സൗദി സ്വദേശിയുടെ ഭിന്നശേഷിക്കാരനായ മകനെ പരിപാലിക്കുകയായിരുന്നു പ്രധാന ജോലി. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസ തികയും മുന്‍പ് കുട്ടി മരിക്കാനിടയായ നിര്‍ഭാഗ്യകരമായ സംഭവം റഹീമിന്റെ ജീവിതം മാറ്റിമറിച്ചു. കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടിയതായിരുന്നു ദുരന്തത്തിന് കാരണമായത്. മനപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നുവെന്ന് വ്യക്തമായിരുന്നെങ്കിലും റിയാദിലെ കോടതി റഹീമിന് വധ ശിക്ഷ വിധിക്കുകയായിരുന്നു.

പിന്നീട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത ചരിത്രപരമായ കാരുണ്യ പ്രവര്‍ത്തനത്തിലൂടെയാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. മോചന ദ്രവ്യമായി സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ (15 മില്യണ്‍ സൗദി റിയാല്‍) ബോബി ചെമ്മണ്ണൂരിന്റെയും ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ റഹീം ആപ്പിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ മലയാളികള്‍ സമാഹരിച്ചു.

ബ്ലഡ് മണി കോടതിയില്‍ കെട്ടിവെച്ചതോടെ വധശിക്ഷ റദ്ദാക്കിയെങ്കിലും കേസിന്റെ പൊതു അവകാശവുമായി ബന്ധപ്പെട്ട തടവുശിക്ഷാ കാലാവധി പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. ഈ 20 വര്‍ഷത്തെ തടവുശിക്ഷയും അവസാനിച്ചതോടെയാണ് റഹീമിന് നാട്ടിലേക്ക് മടങ്ങാനുള്ള ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.