ലാവോസ്: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിലെ വന മേഖലയിലുള്ള കാട്ടുഗുഹയിൽ ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. കാട്ടു വിഭവങ്ങൾ ശേഖരിക്കാനായി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച ഗ്രാമീണരാണ് ഉരുൾപൊട്ടലിനെ തുടർന്ന് കവാടം അടഞ്ഞ് ഭൂമിക്കടിയിൽ ഒറ്റപ്പെട്ടത്. കനത്ത മണ്ണും ചെളിയും കൂറ്റൻ പാറക്കല്ലുകളും വീണ് പുറത്തേക്കുള്ള ഏക വഴി പൂർണമായും അടഞ്ഞ നിലയിലാണ്.
ഭൂനിരപ്പിൽ നിന്നും ഏകദേശം 20 മീറ്ററോളം താഴ്ചയിലാണ് നിലവിൽ ഇവർ കുടുങ്ങിക്കിടക്കുന്നത്. ദുരന്തം നടന്ന് ഏഴ് ദിവസം പിന്നിട്ടിട്ടും ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തകരെയും രാജ്യാന്തര സമൂഹത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
വന മേഖലയിലെ ദുർഘടമായ ഭൂപ്രകൃതിയും ഗുഹയ്ക്കുള്ളിലെ സ്ഥലപരിമിതിയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഗുഹയുടെ ചില ഉൾഭാഗങ്ങളിൽ വെറും 50 സെന്റീമീറ്റർ മാത്രമാണ് വീതിയുള്ളത്. ഒരു മനുഷ്യന് കഷ്ടിച്ച് ഇഴഞ്ഞു നീങ്ങാൻ മാത്രമുള്ള ഈ ഇടുങ്ങിയ പാതയിലൂടെ നിരന്തരം വെള്ളവും ചെളിയും ഒലിച്ചിറങ്ങുന്നത് തടസങ്ങൾ സൃഷ്ടിക്കുന്നു.
പാറക്കല്ലുകൾ നീക്കം ചെയ്യാനുള്ള വൻകിട യന്ത്രങ്ങൾ വനത്തിലൂടെ ഇവിടേക്ക് എത്തിക്കുക അസാധ്യമാണ്. അതിനാൽ അതീവ അപകടകരമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തകർ മുന്നോട്ട് നീങ്ങുന്നത്.
2018 ൽ ലോക ശ്രദ്ധയാകർഷിച്ച തായ്‌ലൻഡ് ഗുഹാ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അന്താരാഷ്ട്ര വിദഗ്ദ്ധ സംഘം ലാവോസിൽ എത്തിയിട്ടുണ്ട്. അത്യാധുനിക സ്കാനറുകളും ഹൈടെക് ക്യാമറകളും ഉപയോഗിച്ച് ഗുഹയിലെ കനത്ത ഇരുട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സംയുക്ത രക്ഷാസേന. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന് മുൻപ് ഇവരെ പുറത്തെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതർ.