പാപക്കറ കഴുകിക്കളഞ്ഞ് ക്രിസ്തുവിലേക്ക്; പനാമ ജുവനൈൽ ഹോമിലെ 27 കൗമാരക്കാർ കൂദാശകൾ സ്വീകരിച്ചു

പാപക്കറ കഴുകിക്കളഞ്ഞ് ക്രിസ്തുവിലേക്ക്; പനാമ ജുവനൈൽ ഹോമിലെ 27 കൗമാരക്കാർ കൂദാശകൾ സ്വീകരിച്ചു

പനാമ സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ പനാമയിലെ ലാസ് ഗാർസാസ് ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന 27 കൗമാരക്കാർ കത്തോലിക്കാ സഭയുടെ വിവിധ തിരുക്കൂദാശകൾ സ്വീകരിച്ച് വിശ്വാസവഴിയിലേക്ക് പ്രവേശിച്ചു. ആഗോള കത്തോലിക്കാ സഭ പന്തക്കുസ്ത തിരുനാൾ ആഘോഷിച്ച മെയ് 24 ഞായറാഴ്ചയാണ് തികച്ചും ആത്മീയമായ അന്തരീക്ഷത്തിൽ തിരുക്കർമ്മങ്ങൾ നടന്നത്. പനാമ രൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. ജോസ് ഡൊമിംഗോ ഉല്ലോവ വിശുദ്ധ കുർബാനയ്ക്കും കൂദാശാനുകർമ്മങ്ങൾക്കും മുഖ്യകാർമ്മികത്വം വഹിച്ചു.

കേന്ദ്രത്തിൽ കഴിയുന്ന കൗമാരക്കാരിൽ ഒരാൾക്ക് വിശുദ്ധ മാമ്മോദീസയും 27 കുട്ടികൾക്ക് സ്ഥൈര്യലേപന കൂദാശയുമാണ് ആർച്ച് ബിഷപ്പ് നൽകിയത്. ജീവിതത്തിൽ അറിയാതെ തെറ്റുകളിലേക്ക് വീണുപോയ ഇവർക്ക് മാനസാന്തരത്തിലേക്കും ക്രിസ്തീയ പ്രകാശത്തിലേക്കും മടങ്ങിവരാൻ സഭാനേതൃത്വം ഒരുക്കിയ ആത്മീയ രൂപീകരണത്തിന്റെ തുടർച്ചയായിരുന്നു ഈ ശുശ്രൂഷകൾ.

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് തടവിൽ കഴിയുന്ന കുട്ടികൾക്ക് പുതിയൊരു ജീവിതം സമ്മാനിക്കാൻ വിദ്യാഭ്യാസം, മാനസിക പിന്തുണ, ആത്മീയ രൂപീകരണം എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളാണ് സഭ നടപ്പിലാക്കുന്നത്. ജുവനൈൽ ഹോം അധികൃതരുടെയും കുട്ടികളുടെയും പൂർണമായ അനുവാദത്തോടെയും മാസങ്ങൾ നീണ്ട ആത്മീയ ഒരുക്കങ്ങൾക്കും ശേഷമാണ് ഇവർ കൂദാശകൾ സ്വീകരിച്ചത്.

ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ കുട്ടികൾക്ക് ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടാനും അവിടുത്തെ സ്നേഹം അനുഭവിക്കാനും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ യസാതി ഫോർട്ടെ സാക്ഷ്യപ്പെടുത്തി.

2019 ൽ പനാമയിൽ നടന്ന ആഗോള യുവജന ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ ജുവനൈൽ ഡിറ്റൻഷൻ സെന്റർ സന്ദർശിച്ചിരുന്നു. അന്ന് കേന്ദ്രത്തിൽ തടവിൽ കഴിഞ്ഞിരുന്ന കൗമാരക്കാരെ പരിശുദ്ധ പിതാവ് നേരിട്ട് കുമ്പസാരിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മാർപാപ്പ വിതച്ച കാരുണ്യത്തിന്റെ വിത്തുകൾ ഈ കേന്ദ്രത്തിൽ ഇന്നും ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ നടന്ന കൂദാശ സ്വീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.