മുന്‍ എംപി കെ.പി ധനപാലന്‍ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശാന്ത മുഖം

മുന്‍ എംപി കെ.പി ധനപാലന്‍ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശാന്ത മുഖം

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ചാലക്കുടി എംപിയുമായ കെ.പി ധനപാലന്‍ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കുറച്ചd കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമ ജീവിതത്തിലായിരുന്ന അദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ സംഘാടകനും ജനകീയ മുഖവുമായിരുന്നു കെ.പി ധനപാലന്‍. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദേഹം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. തുടര്‍ന്ന് ആറ് വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായി പാര്‍ട്ടിയെ നയിച്ചു.

2009 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിക്കപ്പെട്ട ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് അദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 2001 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് നല്‍കിയെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം പ്രചാരണത്തിനിടയില്‍ പിന്മാറേണ്ടി വന്നിരുന്നു.

പറവൂര്‍ നഗരസഭാംഗമായി ജനപ്രതിനിധി എന്ന നിലയില്‍ ജിവിതം തുടങ്ങിയ അദേഹം മില്‍മ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്നി നിലകളിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശാന്തമുഖം

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള കാലഘട്ടത്തിലും എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു കെ.പി ധനപാലന്‍. സൗമ്യമായ പെരുമാറ്റവും വിട്ടുവീഴ്ചയില്ലാത്ത കോണ്‍ഗ്രസ് ആദര്‍ശങ്ങളുമായിരുന്നു അദേഹത്തിന്റെ സവിശേഷത. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് അദേഹം രാഷ്ട്രീയ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്.

ഭൗതിക ദേഹം പൊതുദര്‍ശനത്തിന് ശേഷം പറവൂരിലെ വസതിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.