അഹമ്മദാബാദ്: ഐപിഎൽ 19-ാം സീസണിലെ കലാശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആർസിബി) ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ മാത്രം. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ഗുജറാത്തിന് നേടാനായത്. 156 റൺസാണ് ആർസിബിയുടെ വിജയ ലക്ഷ്യം.
തുടക്കം മുതൽ ആർസിബി ബൗളർമാർക്ക് മുന്നിൽ ഗുജറാത്ത് ബാറ്റർമാർ പതറി. നായകൻ ശുഭ്മാൻ ഗിൽ (10), സായ് സുദർശൻ (11), നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവർ പെട്ടെന്ന് പുറത്തായത് ഗുജറാത്തിനെ സമ്മർദത്തിലാക്കി. മോശം ഷോട്ട് സെലക്ഷനുകൾ ഗുജറാത്തിന്റെ സ്കോറിങിനെ കാര്യമായി ബാധിച്ചു.
വാഷിങ്ടൺ സുന്ദർ (50) അർധ സെഞ്ച്വറിയുമായി ടീമിന്റെ രക്ഷകനാകാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. അർഷദ് ഖാൻ (15), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.
ബെംഗളൂരുവിന് വേണ്ടി രസിക് സലാം ധർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജോഷ് ഹേസിൽവുഡും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീതം നേടി ഗുജറാത്തിനെ തളച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ആർസിബിക്ക് മേൽക്കൈ നൽകി.
പത്താം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്തായെന്ന് കരുതിയെങ്കിലും റീപ്ലേകളിൽ പന്ത് നിലത്ത് തട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് അമ്പയർ തീരുമാനം പിൻവലിച്ചു. നേരത്തെ ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിൽ സായ് സുദർശനെതിരെ ഉയർത്തിയ അപ്പീലിൽ അമ്പയർ ഔട്ട് വിളിച്ചിരുന്നുവെങ്കിലും റിവ്യൂവിലൂടെ താരം രക്ഷപ്പെട്ടത് സ്റ്റേഡിയത്തിലെ ആരാധകർക്ക് ആശ്വാസമായി.
നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ ആർസിബി ബൗളർമാർ പൂർണ ആധിപത്യം പുലർത്തിയപ്പോൾ ഗുജറാത്ത് ബാറ്റർമാർ ആരാധകരെ നിരാശരാക്കി. ആർസിബിക്ക് ഈ ടാർഗറ്റ് മറികടന്ന് കിരീടത്തിൽ മുത്തമിടാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.