ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വെര്‍ച്വല്‍ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ജൂണ്‍ ആറിന് ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നതാണ് ആവശ്യം. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ആറിന് ഡല്‍ഹിയിലെത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
'നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്.എസ്.സി ജിഡി എന്നിവയിലെ ക്രമക്കേടുകളുടെ ഫലമായി ഒരു കോടിയിലധികം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാണ്. ചിലര്‍ക്ക് ജീവന്‍ വരെ നഷ്ടമായി. എന്നിട്ടും ആരും ഉത്തരവാദിത്തമേറ്റെടുത്തില്ല.
അതിപ്പോള്‍ അവസാനിക്കുകയാണ്. രാജിയാവശ്യപ്പെട്ട് എട്ടുലക്ഷത്തിലധികം പേര്‍ ഒപ്പിട്ടിട്ടും മന്ത്രി രാജിക്ക് തയ്യാറാവുന്നില്ല. സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ സമാധാനപരമായ പ്രകടനമാക്കി മാറ്റാന്‍ സമയമായിരിക്കുന്നു.
വിമാനത്താവളത്തില്‍ നിന്ന് തനിക്കൊപ്പം എല്ലാവരും ചേര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ജന്ദര്‍ മന്ദറില്‍ സമാധാനപരമായ പ്രകടനം നടത്തുന്നതിന് അനുമതി തേടും.
സമാധാനപരമായി ശബ്ദമുയര്‍ത്താനുള്ള അവകാശം നമുക്ക് ഭരണഘടന നല്‍കുന്നുണ്ട്. അതാണ് നമ്മള്‍ ചെയ്യാന്‍ പോകുന്നത്. ഈ പ്രകടനം നമ്മുടേതാണ്'- എന്ന കുറിപ്പോടു കൂടിയാണ് അഭിജീത് വീഡിയോ പങ്കു വച്ചിരിക്കുന്നത്.