സിഡ്‌നി: ജനസംഖ്യയിൽ വലിയ വളർച്ച രേഖപ്പെടുത്തുമ്പോഴും ഓസ്‌ട്രേലിയയിൽ ജനന നിരക്ക് റെക്കോർഡ് താഴ്ച്ചയിലേക്ക്. രാജ്യത്ത് ജനന നിരക്ക് കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണങ്ങൾ ജീവിതച്ചിലവിലെ വർധനവും സാമ്പത്തിക അനിശ്ചിതത്വവുമാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ഫെർട്ടിലിറ്റി റേറ്റ് (ഒരു സ്ത്രീയുടെ ശരാശരി പ്രസവ നിരക്ക്) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2008 ൽ 2.02 ആയിരുന്ന നിരക്ക് 2024 ൽ 1.48 ആയി ഇടിഞ്ഞു. ഒരു ജനതയുടെ എണ്ണം നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്. മൊത്തം ജനസംഖ്യയിൽ 20 ലക്ഷത്തിന്റെ വർധനവുണ്ടായിട്ടും 2018 നെ അപേക്ഷിച്ച് 2024 ൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തിൽ 23,000-ന്റെ കുറവാണുണ്ടായത്.
'റിസോൾവ് പൊളിറ്റിക്കൽ മോണിറ്റർ' നടത്തിയ സർവേയിൽ പങ്കെടുത്ത 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നാലിലൊന്ന് പേരും തങ്ങൾക്ക് കുട്ടികൾ വേണ്ടെന്ന് വ്യക്തമാക്കി. ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും ഭാവിയിൽ ചെറിയ കുടുംബങ്ങൾ മതിയെന്ന ചിന്താഗതിക്കാരാണ്.
കുട്ടികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഇതിന്റെ പ്രധാന കാരണം. ഇതിനു പുറമെ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ഉയർന്ന വാടകയും വിലയും ചെറിയ കുടുംബങ്ങൾ എന്ന പ്രവണതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
വിഭവങ്ങൾ ഒരൊറ്റ കുട്ടിക്ക് വേണ്ടി മാത്രം പൂർണമായി ചിലവഴിക്കാനുള്ള താത്പര്യവും ലോകത്തിന്റെ ഭാവി എങ്ങോട്ടാണെന്ന പേടിയുമെല്ലാം യുവതലമുറയെ അച്ഛനമ്മമാരാകുന്നതിൽ നിന്ന് അകറ്റുന്നു.
ഭാവിയിൽ രാജ്യത്തിന്റെ തൊഴിൽ മേഖലയെയും നികുതി വ്യവസ്ഥയെയും ഈ പ്രവണത സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ജോലി ചെയ്യാൻ പ്രാപ്തിയുള്ള യുവതലമുറയുടെ എണ്ണം കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകും.
നിലവിൽ കുടിയേറ്റം വഴിയാണ് ഓസ്‌ട്രേലിയ ഈ വിടവ് ഒരു പരിധിവരെ നികത്തുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും സമാനമായ 'ജനസംഖ്യാ ശൈത്യം' എന്ന പ്രതിസന്ധി നേരിടുമ്പോൾ ഓസ്‌ട്രേലിയയും ആ പാതയിലാണെന്നത് ആശങ്കയോടെയാണ് ഭരണകൂടം നോക്കിക്കാണുന്നത്.