ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആരോപണം

ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആരോപണം

ഇടുക്കി: പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 3:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാമ്പനാര്‍ സ്വദേശി ആഗ്‌നസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടമാണ് പൂര്‍ണമായും തകര്‍ന്നടിഞ്ഞത്.

അപകട സമയത്ത് കെട്ടിടത്തിനുള്ളില്‍ തൊഴിലാളികളോ മറ്റാരെങ്കിലുമോ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നിര്‍മാണത്തിലുണ്ടായ ഗുരുതരമായ അപാകതകളും അശാസ്ത്രീയതയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിലവില്‍ ശക്തമായ മഴയോ മണ്ണൊലിപ്പോ മറ്റ് പ്രകൃതിക്ഷോഭങ്ങളോ ഇല്ലാതിരുന്നിട്ടും കെട്ടിടം തകര്‍ന്നു വീണത് നിര്‍മാണത്തിലെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് ഇവിടെ പ്രവൃത്തികള്‍ നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. സാധാരണയായി 30 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലയോര മേഖലകളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാറില്ല. ഈ നിയമം നിലനില്‍ക്കെ കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ എങ്ങനെ അഞ്ച് നില കെട്ടിടത്തിന് അനുമതി ലഭിച്ചു എന്നതില്‍ ദുരൂഹതയേറുകയാണ്.

അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും വഴിവിട്ട് അനുമതി നല്‍കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ റവന്യൂ അധികൃതരും തദ്ദേശ സ്വയംഭരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.