റോം: അർബുദത്തിന്റെ കഠിന വേദനകൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട 15 കാരൻ സ്പാനിഷ് ബാലൻ ഇഗ്നാസിയോ ഗോൺസാൽവെസിന് ലിയോ പതിനാലാമൻ മാർപാപ്പയുടെ സാന്ത്വനം പുതുജീവിതമേകി. വത്തിക്കാൻ സന്ദർശനത്തിനിടെ അനുഭവിക്കേണ്ടി വന്ന കഠിനമായ രോഗാവസ്ഥയെ വിശ്വാസത്താലും പാപ്പയുടെ പ്രാർത്ഥനകളാലും അതിജീവിച്ച ഇഗ്നാസിയോയുടെ കഥ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയൊരു പ്രത്യാശയാണ് നൽകുന്നത്.
റോമിലെത്തിയ ഇഗ്നാസിയോയ്ക്ക് പെട്ടെന്നുണ്ടായ നെഞ്ചുവേദനയാണ് ‘ലിംഫോബ്ലാസ്റ്റിക് ലിംഫോമ’ എന്ന മാരകമായ അർബുദത്തിലേക്ക് വിരൽ ചൂണ്ടിയത്. ഹൃദയസ്തംഭനത്തിന്റെ വക്കിലെത്തിയ ഇഗ്നാസിയോയുടെ ജീവിതം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മകന്റെ ജീവനു വേണ്ടി കേണ ആ കുടുംബത്തിന് പ്രതീക്ഷയുടെ വെളിച്ചമായി അപ്രതീക്ഷിതമായി പാപ്പ അവരെത്തേടിയെത്തി.
ഏതൊരു സാധാരണ മനുഷ്യനെയും പോലെ തിരക്കുകൾ മാറ്റിവെച്ച് പാപ്പ ഇഗ്നാസിയോയുടെ ആശുപത്രി മുറിയിലെത്തി. ആശുപത്രിയിലെ ആദ്യത്തെ സന്ദർശനത്തിൽത്തന്നെ അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചിലവഴിച്ച പാപ്പ അവരോടൊപ്പം ചേർന്ന് പ്രാർത്ഥിച്ചു.
ഒമ്പത് മാസത്തെ നീണ്ട ആശുപത്രി വാസത്തിനിടയിൽ പലതവണ മരണത്തിന്റെ വക്കിലെത്തിയപ്പോഴും പാപ്പയുടെ പ്രാർത്ഥനയും സാന്നിധ്യവും ആ കുടുംബത്തിന് വലിയ കരുത്തായി. സുഖം പ്രാപിച്ച ഇഗ്നാസിയോ കഴിഞ്ഞ ഏപ്രിൽ 29 ന് കുടുംബത്തോടൊപ്പം വത്തിക്കാനിലെത്തി പാപ്പയെ നേരിൽക്കണ്ടു. തന്റെ അഭ്യർത്ഥന മാനിച്ച് പാപ്പയുമായി സ്വകാര്യമായി സംസാരിക്കാനും അവന് സാധിച്ചു. "എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നു അത് എന്നാൽ ദൈവത്തിലേക്ക് ഏറ്റവും അടുക്കാൻ സാധിച്ച ഏറ്റവും മനോഹരമായ കാലവും," ഇഗ്നാസിയോ നിറകണ്ണുകളോടെ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്കു വേണ്ടി പ്രാർത്ഥിച്ച ആയിരക്കണക്കിന് ആളുകളോടുള്ള നന്ദി ഈ കൗമാരക്കാരൻ പങ്കുവെക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ അർബുദത്തെ അതിജീവിച്ച ഇഗ്നാസിയോ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. വരാനിരിക്കുന്ന മാഡ്രിഡ് സന്ദർശനത്തിൽ പാപ്പയെ വീണ്ടും കാണാനുള്ള ആവേശത്തിലാണ് ഈ ബാലൻ.
ദുരിതക്കയങ്ങളിൽ വീഴുന്നവർക്ക് മുന്നിൽ ദൈവസ്നേഹം ഒരു വലിയ ഇടയനിലൂടെ എപ്രകാരം പ്രകടമാകുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇഗ്നാസിയോയുടെ ഈ അതിജീവനയാത്ര.