ഇറാഖിലെ ക്രൈസ്തവ സഭയുടെ പുത്തൻ പ്രത്യാശ; മാർ പോളിസ് മൂന്നാമൻ നോന പാത്രിയാർക്കീസായി അധികാരമേറ്റു

ഇറാഖിലെ ക്രൈസ്തവ സഭയുടെ പുത്തൻ പ്രത്യാശ; മാർ പോളിസ് മൂന്നാമൻ നോന പാത്രിയാർക്കീസായി അധികാരമേറ്റു

ബാഗ്ദാദ്: കൽദായ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി (പാത്രിയാർക്കീസ്) മാർ പോളിസ് മൂന്നാമൻ നോന ഔദ്യോഗികമായി സ്ഥാനമേറ്റു. ബാഗ്ദാദിലെ സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ നടന്ന പ്രത്യേക ചടങ്ങുകളോടെയാണ് അദേഹത്തിന്റെ സ്ഥാനാരോഹണം പൂർത്തിയായത്. കൽദായ സഭയുടെ ആചാരക്രമമനുസരിച്ച് അപ്പോസ്തലന്മാർ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതത്തെ അനുസ്മരിക്കുന്ന 'ഗോൾഡൻ ഫ്രൈഡേ' ദിനത്തിലായിരുന്നു ഈ സുപ്രധാന ചടങ്ങ് സംഘടിപ്പിച്ചത്.

കത്തോലിക്കാ-ഓർത്തഡോക്സ് സഭകളിലെ ഏറ്റവും പ്രായം കുറഞ്ഞ പാത്രിയാർക്കീസാണ് മാർ പോളിസ് മൂന്നാമൻ നോന. സ്ഥാനാരോഹണ ചടങ്ങിൽ വിവിധ പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയാർക്കീസുമാർ, മെത്രാന്മാർ, വൈദികർ, വത്തിക്കാൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ള ബിഷപ്പുമാരായ റിച്ചാർഡ് അംബേഴ്സ്, ആന്റോയിൻ-ചാർബൽ താരബേ, റോബർട്ട് റാബത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇറാഖിലെ ക്രൈസ്തവ സഭ വലിയ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് മാർ പോളിസ് മൂന്നാമൻ നോന സ്ഥാനമേൽക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണത്തെ തുടർന്ന് ഇറാഖിൽ നിന്നും നിരവധി കൽദായ ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇറാഖിലും മധ്യപൗരസ്ത്യ ദേശത്തും കൽദായ സഭയുടെ നിലനിൽപ്പും തുടർച്ചയും സഭയുടെയും തങ്ങളുടെ പുരാതന സംസ്കാരത്തിന്റെയും അടിത്തറയാണെന്ന് അദേഹം പ്രഖ്യാപിച്ചു.

അമേരിക്ക, ഓസ്‌ട്രേലിയ, സ്വീഡൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കൽദായ പ്രവാസികൾ പുതിയൊരു അപ്പസ്തോലിക പ്രത്യാശയാണെന്ന് മാർ പോളിസ് മൂന്നാമൻ വിശേഷിപ്പിച്ചു. വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ സുവിശേഷ സന്ദേശം വീണ്ടും എത്തിക്കാനുള്ള ദൈവദത്തമായ ദൗത്യമാണ് പ്രവാസികൾക്കുള്ളതെന്നും ഓർമ്മിപ്പിച്ചു. സഭയുടെ തനിമയും പാരമ്പര്യങ്ങളും ആചാരങ്ങളും ഭാഷയും വിശ്വാസികളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നുവെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സഭയ്ക്ക് വ്യക്തമായ ഒരിടം ഇത് നൽകുന്നുണ്ടെന്നും മാർ പോളിസ് മൂന്നാമൻ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.