ഗോയാനിയ (ബ്രസീൽ): ബ്രസീലിലെ ഗോയാനിയയിലെ സെറ ദൊറാഡ സ്റ്റേഡിയത്തിൽ നടന്ന ‘തോത്തുസ് തൂസ്’ മരിയൻ സംഗമം ഈ വർഷം റെക്കോർഡ് ജനപങ്കാളിത്തവും ഹൃദയസ്പർശിയായ ഒരു സംഭവവും കൊണ്ട് ചരിത്രത്തിൽ ഇടം നേടി. മെയ് 30 ന് നടന്ന മഹാസംഗമത്തിൽ 75,000 ത്തിലധികം വിശ്വാസികൾ നേരിട്ട് പങ്കെടുത്തു.
സ്റ്റേഡിയത്തിന് പുറത്തായി ഒരുക്കിയ ഭീമൻ സ്ക്രീനുകളിലൂടെ പതിനായിരക്കണക്കിന് ആളുകൾ ചടങ്ങുകൾ തത്സമയം വീക്ഷിച്ചതോടെ മധ്യ-പടിഞ്ഞാറൻ ബ്രസീലിലെ ഏറ്റവും വലിയ മരിയൻ സംഗമമായി പരിപാടി മാറി. ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്നു ലാറ്റിനമേരിക്കയുടെ മധ്യസ്ഥയായി ആദരിക്കപ്പെടുന്ന ഗ്വാഡലൂപ്പ മാതാവിന്റെ തീർഥാടക തിരുസ്വരൂപവും വിശുദ്ധ യുവാൻ ഡിയാഗോയുടെ വസ്ത്രത്തിന്റെ അംഗീകൃത പകർപ്പും. എന്നാൽ പ്രാർഥനകൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒരു സംഭവം അരങ്ങേറി.
സ്റ്റേഡിയത്തിൽ ആയിരങ്ങൾ പ്രാർഥനയിൽ മുഴുകിക്കിടക്കുമ്പോൾ അഞ്ച് മീറ്ററിലധികം ഉയരത്തിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം ഉൾക്കൊള്ളുന്ന രൂപക്കൂട് പെട്ടെന്ന് താഴേക്ക് പതിച്ചു. നിമിഷങ്ങൾക്കകം വിശ്വാസികൾ ആശങ്കയിലായെങ്കിലും തുടർന്ന് കണ്ട കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തി. തടികൊണ്ടുള്ള ഫ്രെയിമിനുള്ളിൽ സൂക്ഷിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപത്തിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല.
“ഞങ്ങൾ എല്ലാവരും പ്രാർഥനയിലായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. ജീവിതത്തിൽ എത്ര തവണ വീണാലും മാതാവ് നമ്മെ കൈപിടിച്ച് ഉയർത്തുമെന്ന ശക്തമായ ആത്മീയ സന്ദേശമാണ് ഈ സംഭവത്തിലൂടെ വിശ്വാസികൾക്ക് ലഭിച്ചത്.- പരിപാടിയുടെ സംഘാടകനും ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ ഇടവക വികാരിയുമായ ഫാ. മാർക്കോസ് റൊജീരിയോ ഡി ഒലിവേര പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി വിശ്വാസികൾ ഇതിനെ തങ്ങളുടെ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കുന്ന അനുഭവമായി വിശേഷിപ്പിച്ചു. ഗോയാനിയ അതിരൂപതയുടെ സഹകരണത്തോടെ ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ പാരിഷ് 2015 മുതൽ എല്ലാ വർഷവും മെയ് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ‘തോത്തുസ് തൂസ്’ മരിയൻ സംഗമം സംഘടിപ്പിച്ചു വരുന്നത്. വർഷംതോറും വർധിച്ചുവരുന്ന ജനപങ്കാളിത്തം ഈ സംഗമത്തെ ബ്രസീലിലെ ഏറ്റവും ശ്രദ്ധേയമായ മരിയൻ ആഘോഷങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.