വാഴ്സ്വ: പോളണ്ടിലെ ഓഷ്വിറ്റ്‌സ് തടവറ—ഹോളോകോസ്റ്റിന്റെ ക്രൂരതകൾ ഇന്നും ഉറങ്ങുന്ന ഈ മണ്ണിൽ സന്ദർശകരുടെ കണ്ണുനനയിക്കുന്ന ഒരു കാഴ്ചയുണ്ട്. നാസികളുടെ ഏറ്റവും ഭീകരമായ പീഡനമുറകൾ നടന്ന ‘ഡെത്ത് ബ്ലോക്ക്’ എന്നറിയപ്പെടുന്ന ബ്ലോക്ക് 11-ലെ 21-ാം നമ്പർ സെല്ലിലെ ചുവരിലാണിത്. മരണത്തെ മുഖാമുഖം കണ്ട നാളുകളിൽ, ഒരു തടവുകാരൻ തന്റെ നഖങ്ങൾ കൊണ്ട് ഭിത്തിയിൽ കൊത്തിയെടുത്ത ഈശോയുടെ തിരുഹൃദയരൂപമാണത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് തടവിലാക്കപ്പെട്ട പോളിഷ് സൈനിക ഉദ്യോഗസ്ഥനായിരുന്നു സ്റ്റെഫാൻ യാസിൻസ്കി. 1944-ന്റെ അവസാന നാളുകളിൽ, ക്രൂരമായ മർദ്ദനങ്ങളും വധശിക്ഷകളും അരങ്ങേറിയിരുന്ന ഓഷ്വിറ്റ്‌സിലെ ഏറ്റവും ഭയപ്പെടുത്തുന്ന സെല്ലിലേക്ക് അദേഹം അടയ്ക്കപ്പെട്ടു. കടുത്ത നിരാശയും മരണഭയവും നിറഞ്ഞ ആ ഇരുണ്ട മുറിക്കുള്ളിലും തകരാത്ത വിശ്വാസത്തിന്റെ തീനാളം യാസിൻസ്കി തന്റെ നഖങ്ങൾ ഉപയോഗിച്ച് ഭിത്തിയിലേക്ക് പകർന്നു.
ചുവരുകളിലെ തിരുഹൃദയത്തിന്റെ ചിത്രം മാത്രമല്ല, തന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും ജീവിതാനുഭവങ്ങളുടെയും സാക്ഷ്യങ്ങളായ നിരവധി ചിത്രങ്ങളും ചിഹ്നങ്ങളും അദേഹം സെല്ലിൽ കോറിയിട്ടിരുന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണ ദൃശ്യം, സൈനിക ജീവിതത്തെ ഓർമിപ്പിക്കുന്ന ചില ചിഹ്നങ്ങൾ, തടവറയിൽ കഴിഞ്ഞ ഓരോ ദിവസവും കൃത്യമായി രേഖപ്പെടുത്താൻ തയ്യാറാക്കിയ കലണ്ടർ എന്നിവ അതിൽ ഉൾപ്പെടുന്നു. ദുരിതങ്ങൾക്കിടയിലും വിശ്വാസവും പ്രത്യാശയും കൈവിടാതിരുന്ന അദ്ദേഹത്തിന്റെ ആത്മധൈര്യത്തിന്റെ നിശബ്ദ സാക്ഷ്യങ്ങളായിരുന്നു ഈ ചുവർരേഖകൾ.
1945 ജനുവരി 27 ന് സോവിയറ്റ് സൈന്യം ഓഷ്വിറ്റ്‌സ് ക്യാമ്പ് മോചിപ്പിച്ചു. എന്നാൽ ആ ചരിത്രപരമായ മോചനത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ് 1945 ജനുവരി ഒന്നിന് സ്റ്റെഫാൻ യാസിൻസ്കി തടവറയ്ക്കുള്ളിൽ വെച്ച് അന്തരിച്ചു. അദേഹത്തിന്റെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
മനുഷ്യന്റെ വിശ്വാസത്തെയും പ്രത്യാശയെയും ഇല്ലാതാക്കാൻ ഒരു ഏകാധിപത്യ ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശവുമായാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ആ തിരുഹൃദയ ചിത്രം ഓഷ്വിറ്റ്‌സിലെ ആ ഇരുണ്ട മുറിയിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നത്.