മാഡ്രിഡ്: ലിയോ 14-ാമൻ പാപ്പയുടെ സ്‌പെയിൻ സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് മാഡ്രിഡ് നഗരം ഭക്തിയുടെ പരകോടിയിലാണ്. സിബെലെസ് ചത്വരത്തിൽ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയിലും തുടർന്നുനടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുക്കാൻ അഞ്ച് ലക്ഷത്തോളം വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന തിരുനാൾ കുർബാനയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് മാഡ്രിഡ് അതിരൂപത പൂർത്തിയാക്കിയിരിക്കുന്നത്. ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് വിശുദ്ധ കുർബാന നൽകുന്നതിനായി 2300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം തിരുവോസ്തികൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
തിരുനാൾ ബലിക്ക് ശേഷം പാപ്പയുടെ നേതൃത്വത്തിൽ മാഡ്രിഡ് നഗരവീഥികളിലൂടെയുള്ള ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. സുരക്ഷാകാരണങ്ങളാൽ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നഗരം ഒന്നടങ്കം ഈ തിരുനാളിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
ലോക യുവജനദിന ഓർക്കസ്ട്രയുടെയും വിവിധ സന്യാസ ആശ്രമങ്ങളിലെ ഗായകസംഘങ്ങളുടെയും നേതൃത്വത്തിൽ നാനൂറോളം കലാകാരന്മാർ അണിനിരക്കുന്ന സംഗീതശുശ്രൂഷകൾ ഈ പ്രദക്ഷിണത്തിന് കൂടുതൽ ചൈതന്യം പകരും. ദിവ്യകാരുണ്യനാഥന്റെ ആശീർവാദം തേടി വിശ്വാസികൾ സിബെലെസ് ചത്വരത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.