വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രതിസന്ധിയിലായതോടെ ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഇറാന്റെ തന്നെ ആസ്തികള്‍ ഉപയോഗപ്പെടുത്താന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
മരവിപ്പിക്കപ്പെട്ട തങ്ങളുടെ ആസ്തികള്‍ വിട്ടു നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ ഫണ്ട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വക മാറ്റാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇറാന്റെ ആസ്തികള്‍ വക മാറ്റുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മാത്രമല്ല സഖ്യകക്ഷികള്‍ക്ക് ഇതിനകം സംഭവിച്ച നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാനും ഈ ആസ്തികള്‍ ഉപയോഗിക്കാനാണ് യു.എസിന്റെ നീക്കം. ഏത് ഇറാനിയന്‍ ആസ്തികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമല്ലെങ്കിലും, അമേരിക്ക നിലവില്‍ മരവിപ്പിച്ചിട്ടുള്ള ആസ്തികളേക്കാള്‍ കൂടുതല്‍ ഈ നിര്‍ദേശത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രമണങ്ങള്‍ മൂലമുണ്ടായ മുന്‍കാല നാശനഷ്ടങ്ങളുടെ ചെലവ് വിലയിരുത്താനും ആ ചെലവുകള്‍ വഹിക്കാന്‍ ഇറാന്റെ ആസ്തികള്‍ ഉപയോഗിക്കാമോ എന്ന് പരിശോധിക്കാനും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.
കുവൈറ്റിലും ബഹ്‌റിനിലും നടന്ന ഇറാന്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ വന്ന ഈ നീക്കം നിലവിലെ ദുര്‍ബലമായ നയതന്ത്ര ശ്രമങ്ങളില്‍ കൂടുതല്‍ പിരിമുറുക്കം ഉണ്ടാക്കിയേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനിടയിലും അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ഏറ്റുമുട്ടലുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ആസ്തികള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്.