കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം; 100 ദിവസത്തെ പഠനത്തിന് ശേഷം വ്യാപിപ്പിക്കും

കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം; 100 ദിവസത്തെ പഠനത്തിന് ശേഷം വ്യാപിപ്പിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി. പി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി വായ്പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. ഇതിന്റെ പലിശ നിരക്കും വ്യവസ്ഥകളും നിശ്ചയിക്കാൻ കെഎഫ്സി പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

വടക്കൻ ജില്ലകളിൽ ഓർഡിനറി സർവീസുകൾ കുറവായതിനാൽ പദ്ധതിയുടെ ഗുണം പൂർണ്ണമായി ലഭിക്കില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ ജില്ലകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും സൗജന്യം അനുവദിക്കണമെന്ന ആവശ്യം ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കും. ഇന്നത്തെ ചർച്ചകളിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.