മനാമ: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക്. ഹോർമുസ് കടലിടുക്കിൽ യു.എസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർക്കപ്പെട്ടതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ ആരംഭിച്ച പുതിയ സൈനിക നീക്കങ്ങളാണ് ലോകവിപണിയെ ഉലയ്ക്കുന്നത്.
തന്ത്രപ്രധാനമായ ഈ മേഖലയിലെ കപ്പൽ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന ആശങ്ക പരന്നതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളറും അമേരിക്കൻ ഡബ്ല്യു.ടി.ഐ. വില 89 ഡോളറും പിന്നിട്ട് മുന്നേറുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നീണ്ടുനിന്നാൽ ലോകമെമ്പാടും ഇന്ധന വില നിയന്ത്രണാതീതമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
യുദ്ധ സാഹചര്യം ശക്തമായതോടെ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിഞ്ഞ് സുരക്ഷിത നിക്ഷേപങ്ങളായ സ്വർണത്തിലേക്കും ബോണ്ടുകളിലേക്കും തിരിഞ്ഞത് ആഗോള ഓഹരി വിപണികളിൽ വൻ തകർച്ചയ്ക്ക് കാരണമായി. ഏഷ്യൻ വിപണിയിൽ ജപ്പാന്റെ നിക്കി സൂചിക ഒരു ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക രണ്ട് ശതമാനവും ഇടിഞ്ഞു.
ഇതിന് പിന്നാലെ വ്യാപാരം ആരംഭിച്ച യു.എസ്. സ്റ്റോക്ക് ഫ്യൂച്ചറുകളും യൂറോപ്യൻ വിപണികളും കനത്ത നഷ്ടത്തിലാണ് മുന്നേറുന്നത്. വിപണിയിലെ ഈ പെട്ടെന്നുള്ള തകർച്ച വരും ദിവസങ്ങളിലും തുടരുമെന്ന ഭീതിയിലാണ് നിക്ഷേപകർ.
ഈ സൈനിക പ്രതിസന്ധി നീണ്ടുപോയാൽ ലോകം വീണ്ടും കടുത്ത പണപ്പെരുപ്പത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും വീഴുമെന്ന് പ്രമുഖ ധനശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. എണ്ണ വില ഉയരുന്നതും കടൽമാർഗ്ഗമുള്ള ചരക്കു കൂലി വർധിക്കുന്നതും ആഗോളതലത്തിൽ വിലക്കയറ്റത്തിന് കാരണമാകും.
ഇതോടൊപ്പം ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി വാതക വിതരണം തടസപ്പെട്ടാൽ യൂറോപ്യൻ രാജ്യങ്ങൾ കടുത്ത ഊർജ ക്ഷാമം നേരിടേണ്ടി വരും. എന്നാൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് ഇതുവരെ നേരിട്ട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. ഇരു രാജ്യങ്ങളും തമ്മിൽ എത്രയും വേഗം നയതന്ത്ര ചർച്ചകൾ ആരംഭിച്ചാൽ വിപണി വേഗത്തിൽ സാധാരണ നില കൈവരിക്കുമെന്നും വിദഗ്ദ്ധർ പ്രത്യാശിക്കുന്നു.