ടെൽ അവീവ്: യുദ്ധക്കളത്തിലെ കടുത്ത പോരാട്ടത്തിനിടയിൽ അവിശ്വസനീയമായ അതിജീവനത്തിന്റെ വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. നെഞ്ചിലേക്ക് പാഞ്ഞ വെടിയുണ്ടയെ ജാക്കറ്റിലെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ചെറിയ സങ്കീർത്തന പുസ്തകം തടഞ്ഞതിനെത്തുടർന്ന് ഒരു ഇസ്രയേൽ സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
സൈനികർക്കിടയിൽ വലിയ ആത്മവിശ്വാസം പകരുന്ന ഈ സംഭവം വലിയ അത്ഭുതമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശത്രുക്കൾ വെടിയുതിർത്തപ്പോൾ വെടിയുണ്ട സൈനികന്റെ നെഞ്ചിനെ ലക്ഷ്യം വെച്ചാണ് എത്തിയത്. എന്നാൽ ഭാഗ്യത്തിന് ആ നിമിഷം ജാക്കറ്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ചെറിയ സങ്കീർത്തന പുസ്തകത്തിൽ വെടിയുണ്ട തറയ്ക്കുകയായിരുന്നു.
പുസ്തകത്തിന്റെ ഭൂരിഭാഗം പേജുകളും വെടിയുണ്ട തുളച്ചുകയറിയെങ്കിലും പൂർണമായി മറികടന്ന് ശരീരത്തിലേക്ക് പ്രവേശിക്കാൻ അതിനായില്ല. വെടിയുണ്ടയുടെ തീവ്രത മുഴുവൻ പുസ്തകം ഏറ്റുവാങ്ങിയതോടെ സൈനികൻ ഒരു ചെറിയ പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
വെടിയുണ്ട തറച്ചുകയറിയ നിലയിലുള്ള പുസ്തകത്തിന്റെ ചിത്രങ്ങളും വീഡിയോകളും സൈനികന്റെ സഹപ്രവർത്തകർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. യഹൂദ വിശ്വാസ പ്രകാരം ‘തെഹില്ലിം’ അഥവാ സങ്കീർത്തന പുസ്തകം അതീവ വിശുദ്ധവും സംരക്ഷണത്തിന്റെ പ്രതീകവുമായാണ് കണക്കാക്കപ്പെടുന്നത്. യുദ്ധമുഖത്തേക്ക് പോകുമ്പോൾ നിരവധി സൈനികർ ഇത്തരം ചെറിയ പുസ്തകങ്ങൾ കയ്യിൽ കരുതാറുണ്ട്. പുസ്തകം തന്നെ ഒരു കവചമായി മാറി ജീവൻ രക്ഷിച്ചതിനെ വലിയൊരു അടയാളമായാണ് ഇസ്രായേൽ ജനതയും സൈനികരും നോക്കിക്കാണുന്നത്.
സുരക്ഷാ കാരണങ്ങളാൽ സൈനികന്റെ പേരോ മറ്റ് വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും യുദ്ധത്തിന്റെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും സൈനികരുടെ ആത്മവീര്യം വർധിപ്പിക്കുന്ന ഒരു സംഭവമായി ഈ അതിജീവനം ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.