തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ അതീവ ഗൗരവകരമായ നിലയിലേക്ക് വ്യാപിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, അമീബിക് മസ്തിഷ്‌കജ്വരം തുടങ്ങിയ രോഗങ്ങളുടെ ബാധയില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ജൂണ്‍ 11 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ മൂലം സംസ്ഥാനത്ത് മരണനിരക്ക് കുത്തനെ ഉയരുകയാണ്.
ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 54 മാത്രമായിരുന്നിടത്താണ് ഈ വര്‍ധന. രണ്ടുപേര്‍ ഇതിനോടകം രോഗം ബാധിച്ച് മരിച്ചു. മലിനജലവും ഭക്ഷണവും വഴിയാണ് കുട്ടികളില്‍ അടക്കം രോഗം വേഗത്തില്‍ പടരുന്നത്.
അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ കാര്യത്തിലും സ്ഥിതി അതീവ ആശങ്കാജനകമാണ്. ഈ വര്‍ഷം ഇതുവരെ 133 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 33 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വര്‍ഷം ഇതേസമയം വെറും എട്ട് കേസുകള്‍ മാത്രമായിരുന്നിടത്താണ് ഈ വന്‍ കുതിച്ചുചാട്ടം.
പനി ബാധിച്ചുള്ള ചികിത്സ തേടുന്നവരുടെ എണ്ണം 13,000 കടന്നിരിക്കുകയാണ്. പ്രതിദിനം ശരാശരി 130 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ പനി മൂലം മാത്രം മരിച്ചത് 153 പേരാണ്. ഇതിനു പുറമെ തലയില്‍ നീര്‍ക്കെട്ട് അഥവാ അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ബാധിച്ച് ഈ വര്‍ഷം 13 പേര്‍ മരിച്ചു.
രോഗികളില്‍ നിപ പരിശോധന കൂടി നടത്താന്‍ ആരോഗ്യവകുപ്പ് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരും എലിപ്പനി മൂലം 22 പേരും ഈ വര്‍ഷം ഇതിനോടകം മരണപ്പെട്ടത് സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും പാളിയതും കുടിവെള്ള സ്രോതസ്സുകള്‍ മലിനമായതുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹചര്യം വിലയിരുത്തി പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും പരിസര ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.