സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ പിതാവിനെ നഷ്ടപ്പെട്ട ഷെയ്‌ന ഗട്ട്‌നിക് എന്ന 31 കാരി ഇന്ന് ഓസ്‌ട്രേലിയയിലെ ജൂതവിരുദ്ധതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളുടെ മുഖമായി മാറുന്നു. കഴിഞ്ഞ വർഷം ജൂത പ്രകാശോത്സവമായ ‘ഹനുക്ക’ ആഘോഷത്തിനിടെ ഐസിസ് അനുകൂലികൾ നടത്തിയ വെടിവെപ്പിൽ ഷെയ്‌നയുടെ പിതാവ് റൂവൻ മോറിസൺ (62) ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്.
മെൽബണിലെ ചടങ്ങിനിടെ സുഹൃത്ത് വഴിയാണ് ബോണ്ടി ബീച്ചിലെ വെടിവെപ്പ് വിവരമറിയുന്നത്. സിഡ്നിയിലായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ കേട്ടത് ഭീകരമായ വെടിയൊച്ചകളും അമ്മയുടെ നിലവിളിയുമായിരുന്നു. പിതാവ് ഭീകരരെ നേരിടാൻ അവർക്ക് പിന്നാലെ ഓടുകയാണെന്ന വിവരം അറിഞ്ഞത് ഷെയ്‌നയുടെ ജീവിതത്തിലെ ഏറ്റവും കറുത്ത നിമിഷമായി മാറി. പിതാവ് കൊല്ലപ്പെട്ട വിവരം അറിഞ്ഞ് മെൽബണിൽ നിന്നും സിഡ്നിയിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ഷെയ്‌ന പൊട്ടിക്കരഞ്ഞത് യാത്രക്കാരുടെയും ജീവനക്കാരുടെയും മനസിനെ വല്ലാതെ വേദനിപ്പിച്ചു.
ഭീകരർ ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞപ്പോൾ തന്റെ ജീവൻ പോലും വകവെക്കാതെ റൂവൻ മോറിസൺ നടത്തിയ പ്രതിരോധം ലോകശ്രദ്ധ നേടിയിരുന്നു. കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് ഭീകരരെ നേരിട്ട അദേഹം അവരുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുവിട്ട് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. ഒടുവിൽ 11 തവണ വെടിയേറ്റാണ് വീരമൃത്യു വരിച്ചത്.
പിതാവിന്റെ വിയോഗത്തിന് ശേഷം തന്റെ ജീവിതം ജൂത സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഷെയ്‌ന സമർപ്പിച്ചു. ‘കോംബാറ്റ് ആന്റിസെമിറ്റിസം മൂവ്‌മെന്റ്’ എന്ന അന്താരാഷ്ട്ര സംഘടനയുടെ ഓസ്‌ട്രേലിയൻ വക്താവെന്ന നിലയിൽ ഓസ്‌ട്രേലിയൻ പാർലമെന്റിലും പൊതുസമൂഹത്തിലും ജൂതവിരുദ്ധതയ്‌ക്കെതിരെ ശക്തമായ ശബ്ദമാണ് അവർ ഉയർത്തുന്നത്.
ജൂത സമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ആന്റണി ആൽബനീസിയെ ഉൾപ്പെടെ കണ്ട് ഷെയ്‌ന സമ്മർദം ചെലുത്തുന്നുണ്ട്. "എന്റെ പിതാവ് ജീവൻ നൽകി മറ്റുള്ളവരെ രക്ഷിച്ചയാളാണ് അതിനാൽ വിദ്വേഷത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ എനിക്ക് തളരാനാവില്ല," ഷെയ്‌ന പറയുന്നു.