'സമാധാന കരാറിന്റെ ഭാഗമായി ഇറാന് 300 മില്യണ്‍ ഡോളറിന്റെ ഫണ്ട് കൊടുക്കില്ല'; വാര്‍ത്തകള്‍ തള്ളി ട്രംപ്

'സമാധാന കരാറിന്റെ ഭാഗമായി ഇറാന് 300 മില്യണ്‍ ഡോളറിന്റെ ഫണ്ട് കൊടുക്കില്ല'; വാര്‍ത്തകള്‍ തള്ളി ട്രംപ്

വാഷിങ്ടണ്‍: നാലര മാസത്തെ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കും അനശ്ചിതത്വങ്ങള്‍ക്കും ശേഷം യുഎസും ഇറാനും ഒപ്പിടാനൊരുങ്ങവേ സമാധാന കരാറിന്റെ ഭാഗമായി ഇറാന് 300 മില്യണ്‍ ഡോളര്‍ പുനര്‍നിര്‍മ്മാണ ഫണ്ട് നല്‍കുമെന്ന വാര്‍ത്തകള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്ക ഇറാന് 300 മില്യണ്‍ ഡോളര്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍, ഉപരോധ ഇളവുകള്‍, മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഇറാനെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് 300 മില്യണ്‍ ഡോളര്‍ ഫണ്ട് എന്നിവ ധാരണാ പത്രത്തിലുണ്ടെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്.

എന്നാല്‍ ജൂണ്‍ 19 ന് ധാരണാ പത്രത്തില്‍ ഒപ്പുവച്ചതിന് ശേഷം 60 ദിവസത്തെ ചര്‍ച്ചകള്‍ക്കുള്ളില്‍ ഇറാന്റെ ആണവ വിഷയത്തില്‍ അന്തിമ കരാറിലെത്തുമെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധാരണാ പത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. വൈറ്റ് ഹൗസ് ഈ ആഴ്ച തന്നെ ഇത് പുറത്തിറക്കുമെന്നാണ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അറിയിച്ചത്. ഏപ്രില്‍ എട്ടിന് വെടിനിറുത്തല്‍ നിലവില്‍ വന്നത് മുതല്‍ സമാധാന കരാറിനുള്ള ശ്രമം മധ്യസ്ഥ രാജ്യങ്ങള്‍ നടത്തി വരികയായിരുന്നു.

ഇരു രാജ്യങ്ങളുടെയും കടുംപിടുത്തമാണ് ചര്‍ച്ചകള്‍ ഇടയ്ക്ക് വഴിമുട്ടാന്‍ കാരണമായത്. നിലവിലുണ്ടായ ധാരണ പ്രകാരം ഔദ്യോഗിക ഒപ്പിടല്‍ ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും. പ്രസിഡന്റ് ട്രംപോ, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സോ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.