കളിക്കളത്തിൽ എതിരാളികൾ, ക്രിസ്തുവിൽ സഹോദരങ്ങൾ; ജർമ്മനി-ക്യൂറസോ താരങ്ങളുടെ പ്രാർഥന കായിക ലോകത്ത് തരംഗമാകുന്നു

കളിക്കളത്തിൽ എതിരാളികൾ, ക്രിസ്തുവിൽ സഹോദരങ്ങൾ; ജർമ്മനി-ക്യൂറസോ താരങ്ങളുടെ പ്രാർഥന കായിക ലോകത്ത് തരംഗമാകുന്നു

ഹൂസ്റ്റൺ: ഫുട്ബോൾ ലോകകപ്പ് മത്സര ശേഷം സാധാരണയായി കാണാറുള്ള വിജയാഘോഷങ്ങളുടെയും തോൽവിയുടെ നിരാശയുടെയും ദൃശ്യങ്ങൾക്കിടയിൽ വേറിട്ടൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ലോകം. ജർമ്മനി-ക്യൂറസോ മത്സരത്തിന് ശേഷം ഇരു ടീമിലെയും താരങ്ങൾ മൈതാനത്ത് ഒത്തുചേർന്ന് നടത്തിയ പ്രാർഥനയാണ് ഇപ്പോൾ കായിക ലോകത്തിന്റെ ശ്രദ്ധ കവരുന്നത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ജർമ്മനി വിജയിച്ച മത്സരത്തിനൊടുവിലായിരുന്നു ഈ ഹൃദയസ്പർശിയായ സംഭവം.

ഫൈനൽ വിസിലിന് ശേഷം ഇരു ടീമുകളിലെയും ചില കളിക്കാർ മൈതാനമധ്യത്തിൽ ഒത്തുകൂടി വൃത്തം രൂപീകരിച്ചാണ് പ്രാർഥന നടത്തിയത്. ഈ അപൂർവ നിമിഷത്തെക്കുറിച്ച് ജർമ്മനിയുടെ മിഡ്ഫീൽഡറും ബോറൂസിയ ഡോർട്ട്മുണ്ട് താരവുമായ ഫെലിക്സ് നമേച്ച വെളിപ്പെടുത്തി.

"കളിക്കളത്തിൽ ഞങ്ങൾ കടുത്ത എതിരാളികളാണ്. എന്നാൽ കളി കഴിഞ്ഞാൽ ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണ്, സഹോദരങ്ങളെപ്പോലെയാണ്" നമേച്ച പറഞ്ഞു. ജീവിതത്തിൽ ലഭിച്ച നന്മകൾക്ക് നന്ദി പറയാനും തങ്ങളുടെ കളിയിലൂടെ യേശു മഹത്വപ്പെടണമെന്ന് ആഗ്രഹിച്ചുകൊണ്ടുമാണ് തങ്ങൾ ഒന്നിച്ചു പ്രാർഥിച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോൾ മൈതാനങ്ങളിൽ താരങ്ങൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാറുണ്ടെങ്കിലും എതിരാളികളായ രണ്ട് ടീമിലെ താരങ്ങൾ ചേർന്ന് ഇത്തരമൊരു പ്രാർഥനയിൽ പങ്കുചേർന്നത് വലിയ രീതിയിൽ ചർച്ചയാവുകയാണ്. കളിയിലെ വാശികൾക്കപ്പുറം കായിക രംഗത്ത് സഹവർത്തിത്വത്തിന്റെയും വിശ്വാസത്തിന്റെയും വലിയൊരു സന്ദേശമാണ് ജർമ്മൻ ക്യൂറസോ താരങ്ങൾ ലോകത്തിന് നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.