ലോയ്കാവ്: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന മ്യാൻമറിൽ കത്തോലിക്കാ സഭയ്ക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് സുപ്രധാന തീരുമാനം. സൈനികരുടെ അധീനതയിലായിരുന്ന ലോയ്കാവിലെ ക്രൈസ്റ്റ് ദി കിങ് കത്തീഡ്രലും അനുബന്ധ പാസ്റ്ററൽ കേന്ദ്രവും രൂപതയ്ക്ക് തിരികെ ലഭിച്ചു. 2023 നവംബർ മുതൽ സൈനിക താവളമായി ഉപയോഗിച്ചിരുന്ന ദേവാലയമാണ് ഇപ്പോൾ സഭയ്ക്ക് വിട്ടുകിട്ടിയിരിക്കുന്നത്.
കത്തീഡ്രൽ തിരികെ ലഭിച്ചത് പ്രാദേശിക കത്തോലിക്കാ സമൂഹത്തിന് വലിയൊരു പ്രത്യാശയുടെ അടയാളമാണെന്ന് ലോയ്കാവ് രൂപതാധ്യക്ഷൻ ബിഷപ്പ് സെൽസോ ഷ്വേ പ്രതികരിച്ചു. 2021 ലെ സൈനിക അട്ടിമറിക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളിൽ പല ഇടവകകളും തകരുകയും ദേവാലയങ്ങൾ കൈയേറപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കത്തീഡ്രൽ തിരികെ ലഭിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമായാണ് സഭ കാണുന്നത്.
എങ്കിലും ദേവാലയവും പാസ്റ്ററൽ കേന്ദ്രവും പൂർണമായി പ്രവർത്തനസജ്ജമാക്കാൻ ഇനിയും വലിയൊരു ദൂരമുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിപുലമായ അറ്റകുറ്റപ്പണികൾ ഇവിടെ അടിയന്തരമായി ആവശ്യമാണ്.
യുദ്ധക്കെടുതിയിൽ വീടുവിട്ടോടിയ വിശ്വാസികൾ ക്രമേണ മടങ്ങിയെത്തിത്തുടങ്ങിയതോടെ വിശുദ്ധ കുർബാനയും മറ്റ് കൂദാശകളും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ രൂപത ആരംഭിച്ചിട്ടുണ്ട്. ലോയ്കാവ് രൂപതയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകൾ ഇന്നും വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുകയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
നിരവധി ഇടവകകൾ ഇന്നും ശൂന്യമായി കിടക്കുമ്പോൾ, തങ്ങൾ അഭയാർത്ഥി ക്യാമ്പുകളിലെ ജനങ്ങൾക്കൊപ്പമാണെന്ന് ബിഷപ്പ് ആവർത്തിച്ചു. വൈദികരും പാസ്റ്ററൽ പ്രവർത്തകരും ക്യാമ്പുകളിൽ താമസിച്ചുകൊണ്ട് വിശ്വാസികൾക്ക് ആത്മീയ പിന്തുണയും സാന്ത്വനവും പകരുന്നത് മിഷണറി ശുശ്രൂഷയുടെ ഭാഗമായാണ് അദേഹം കാണുന്നത്. പട്ടാള ഭരണകൂടത്തിന്റെ കർശനമായ നിയന്ത്രണങ്ങൾ മൂലം ലോകം അറിയാതെ പോകുന്ന മ്യാൻമറിലെ ദുരിതങ്ങൾക്കിടയിൽ,സഭയുടെ ഈ സാന്നിധ്യം വലിയൊരു കരുതലാണ്.