കാന്‍സസ് സിറ്റി: ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ മത്സരത്തിലെ റഫറിയിങിനെതിരെ പരാതിയുമായി അള്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.
അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി അള്‍ജീരിയന്‍ പ്രതിരോധ താരം ഐസ മണ്ടിക്കെതിരെ നടത്തിയ അപകടകരമായ ഫൗളിന് ചുവപ്പ് കാര്‍ഡ് നല്‍കാതിരുന്ന റഫറിയുടെ നിലപാട് കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അള്‍ജീരിയ ഫിഫയെ സമീപിച്ചിരിക്കുന്നത്.
കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് 'ജെ' മത്സരത്തിന്റെ മുപ്പതാം മിനിറ്റിലായിരുന്നു വിവാദ സംഭവം. അള്‍ജീരിയന്‍ ഡിഫന്‍ഡര്‍ ഐസ മണ്ടിയെ പിന്നില്‍ നിന്ന് ബൂട്ടിലെ സ്റ്റഡുകള്‍ ഉയര്‍ത്തി മെസി അപകടകരമായി ടാക്കിള്‍ ചെയ്യുകയായിരുന്നു.
മണ്ടിയുടെ കാല്‍ വണ്ണയ്ക്കാണ് മെസിയുടെ ചവിട്ടേറ്റത്. ഫുട്‌ബോള്‍ നിയമപ്രകാരം നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന ഫൗളായിരുന്നിട്ടും റഫറി മെസിക്ക് ഒരു മഞ്ഞക്കാര്‍ഡ് പോലും നല്‍കാന്‍ തയ്യാറായില്ല. വിഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനവും ഈ വിഷയത്തില്‍ ഇടപെട്ടില്ല.
മത്സരത്തില്‍ മെസി ഹാട്രിക് നേടിയിരുന്നു. ഈ മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന മുന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും (16 ഗോളുകള്‍) എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിക്ക് സാധിച്ചു.
എന്നാല്‍ മത്സരത്തില്‍ പിഴവ് വരുത്തിയ മെസിക്ക് അര്‍ഹിച്ച റെഡ് കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് അള്‍ജീരിയന്‍ ആരാധകരുടെ വാദം.
2014 ല്‍ പ്രീക്വാര്‍ട്ടറിലെത്തിയതിന് ശേഷം ഇതാദ്യമായി ലോക കപ്പിന്റെ നോക്കൗട്ട് ഘട്ടം ലക്ഷ്യമിടുന്ന അള്‍ജീരിയയ്ക്ക് ഗ്രൂപ്പില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. തിങ്കളാഴ്ച ജോര്‍ദാനെ നേരിടുന്ന അവര്‍, ജൂണ്‍ 27 ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയയുമായി ഏറ്റുമുട്ടും.