ക്രിസ്തു വിശ്വാസം മുറുകെപ്പിടിച്ചതിന് എട്ടു വർഷത്തെ തടവറ; ലേഹ് ഷാരിബുവിന്റെ മോചനത്തിനായി ക്രൈസ്തവ സംഘടനകൾ രം​ഗത്ത്

ക്രിസ്തു വിശ്വാസം മുറുകെപ്പിടിച്ചതിന് എട്ടു വർഷത്തെ തടവറ; ലേഹ് ഷാരിബുവിന്റെ മോചനത്തിനായി ക്രൈസ്തവ സംഘടനകൾ രം​ഗത്ത്

അബുജ: നൈജീരിയയിലെ ദാപ്ചിയിൽ നിന്ന് ബൊക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളിൽ ഇന്നും തടവിൽ കഴിയുന്ന ഏക പെൺകുട്ടി ലേഹ് ഷാരിബുവിന്റെ മോചനം ആവശ്യപ്പെട്ട് ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. 2018 ൽ തട്ടിക്കൊണ്ടുപോയ 110 പെൺകുട്ടികളിൽ ക്രിസ്തുമത വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മാത്രം തീവ്രവാദികൾ തടഞ്ഞുവെച്ചിരിക്കുന്ന ലേഹിന്റെ അവസ്ഥ നിർഭാഗ്യകരമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

2018 ഫെബ്രുവരി 19 ന് യോബെ സംസ്ഥാനത്തെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്നിക്കൽ കോളജിൽ നിന്നാണ് ലേഹ് ഉൾപ്പെടെയുള്ള പെൺകുട്ടികളെ തീവ്രവാദികൾ ബന്ദികളാക്കിയത്. അടുത്ത മാസത്തോടെ തന്നെ മറ്റ് പെൺകുട്ടികളെല്ലാം മോചിപ്പിക്കപ്പെട്ടെങ്കിലും അന്ന് 14 വയസുകാരിയായിരുന്ന ലേഹ് തന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നത് തീവ്രവാദികളെ പ്രകോപിപ്പിക്കുകയായിരുന്നു.

ഇസ്‌ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ലേഹ് അവരുടെ പിടിയിലായി. തുടർന്ന് എട്ടു വർഷം പിന്നിടുമ്പോഴും ആജീവനാന്ത അടിമയായി അവളെ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ലേഹിന്റെ മോചനത്തിനായി യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ 'ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ്' ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. നൈജീരിയയിലെ സംഘർഷബാധിത പ്രദേശങ്ങളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്ന ആയിരക്കണക്കിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രതീകമായി ലേഹ് മാറിയെന്ന് ജൂൺ 19 ന് പുറത്തുവിട്ട റിപ്പോർട്ടിൽ സംഘടന വ്യക്തമാക്കുന്നു.ലേഹിന്റെ വിമോചനം ഒരു കുടുംബത്തിന്റെ മാത്രം ആവശ്യമല്ല മറിച്ച് അതൊരു ദേശീയ അടിയന്തരാവസ്ഥയും ധാർമ്മികമായ ഉത്തരവാദിത്തവുമാണെന്ന്സം ഘടന ഓർമ്മിപ്പിക്കുന്നു.

തങ്ങളുടെ മകൾ നേരിടുന്ന ദയനീയ അവസ്ഥയെക്കുറിച്ച് വിവരിക്കുമ്പോൾ പിതാവ് നാഥനും മാതാവ് റെബേക്കയും വികാരാധീനരാണ്. നിർബന്ധിത വിവാഹത്തിനും ക്രൂരമായ പീഡനങ്ങൾക്കും ലേഹ് ഇരയായിട്ടുണ്ടെന്ന വിവരങ്ങൾ തങ്ങളെ തകർക്കുന്നുണ്ടെങ്കിലും, ദൈവം അവളെ തിരികെ എത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. ക്രിസ്തുവിനോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കാൻ അവൾ സ്വന്തം സ്വാതന്ത്ര്യം തന്നെ വിലയായി നൽകിയെന്ന് മാതാപിതാക്കൾ അഭിമാനത്തോടെയും വേദനയോടെയും പറയുന്നു.

നൈജീരിയയിലെ പീഡനത്തിനിരയാകുന്നവർക്കായി പ്രവർത്തിക്കുന്ന വോയ്‌സസ് ഫോർ ജസ്റ്റിസ് എന്ന കൂട്ടായ്മയ്‌ക്കൊപ്പം ചേർന്ന്, മകളുടെ മോചനത്തിനായി നിയമപോരാട്ടവും പ്രാർത്ഥനയും തുടരുമെന്ന് അവർ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ സമാനമായ ഒട്ടേറെ പെൺകുട്ടികളുടെ ഭാവി ഇരുളിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.