സാഹോദര്യം ഒരു സ്വപ്നമല്ല, കാലഘട്ടത്തിന്റെ അനിവാര്യത; മതസൗഹാർദത്തിനായി ആഹ്വാനം ചെയ്ത് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

സാഹോദര്യം ഒരു സ്വപ്നമല്ല, കാലഘട്ടത്തിന്റെ അനിവാര്യത; മതസൗഹാർദത്തിനായി ആഹ്വാനം ചെയ്ത് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

വത്തിക്കാൻ സിറ്റി: സംഘർഷങ്ങളും വിദ്വേഷവും വർധിച്ചു വരുന്ന ഇന്നത്തെ ലോകത്ത് സമാധാനവും നീതിയും ഉറപ്പാക്കാൻ മതസമൂഹങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. സാഹോദര്യം എന്നത് അപ്രാപ്യമായ ഒരു സ്വപ്നമല്ല മറിച്ച് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രായോഗികമായ അനിവാര്യതയാണെന്ന് കർദിനാൾ പറഞ്ഞു. റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോർജ് ജേക്കബ് കൂവക്കാട്.

യൂറോപ്പിലെ വിവിധ മതവിഭാഗങ്ങളെ ഉൾപ്പെടുത്തി 'ബൗദ്ധർ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, ജൈനർ, സിഖുകാർ: സംവാദത്തിലൂടെയും സഹകരണത്തിലൂടെയും സാഹോദര്യം കെട്ടിപ്പടുക്കൽ' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിലായിരുന്നു കർദിനാളിന്റെ ആഹ്വാനം. ഇന്റർ റിലീജിയസ് ഡയലോഗ് തിരുസംഘത്തിന്റെ പ്രിഫെക്ട് കൂടിയായ അദേഹം സാഹോദര്യം എന്നത് കേവലം ഉട്ടോപ്യൻ ആശയമല്ലെന്നും ലോകം നേരിടുന്ന യുദ്ധങ്ങൾക്കും അസമത്വങ്ങൾക്കുമുള്ള പരിഹാരമാണെന്നും ഓർമ്മിപ്പിച്ചു.

"വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സംവാദം ഭിന്നതകൾ മറികടക്കാനും ഐക്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും അത്യാവശ്യമാണ്. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആരംഭിച്ച സമാധാനത്തിനായുള്ള പ്രാർത്ഥനാദിനത്തെ അദ്ദേഹം അനുസ്മരിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസി ഇന്നും സാർവത്രിക സാഹോദര്യത്തിന്റെ ശക്തമായ പ്രതീകമാണ്.'- കർദിനാൾ പറഞ്ഞു.

'ഫ്രാറ്റെല്ലി ടുട്ടി' എന്ന ചാക്രിക ലേഖനത്തിലൂടെ മാർപ്പാപ്പ മുന്നോട്ടുവെച്ച മാനവിക സാഹോദര്യത്തിന്റെ സന്ദേശം കർദിനാൾ എടുത്തുപറഞ്ഞു. ഭിന്നതകളേക്കാൾ ശക്തമാണ് സാഹോദര്യമെന്നും, സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങളെ വിഭജനത്തിന് പകരം പരസ്പര സമ്പുഷ്ടീകരണത്തിനുള്ള അവസരങ്ങളായി കാണണമെന്നും അദേഹം കൂട്ടിച്ചേർത്തു.

കുടിയേറ്റവും ആഗോളവൽക്കരണവും വഴി യൂറോപ്പ് ഇന്ന് വിവിധ വംശങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. ഈ വൈവിധ്യത്തെ ഭീഷണിയായി കാണാതെ മാനവികതയുടെ കരുത്തായി പരിഗണിക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു.

ഓരോ വ്യക്തിയുടെയും അന്തസിനെയും മതസ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട് മാത്രമേ ഉൾച്ചേർന്നുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കൂവെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി. സ്ഥിരമായ സംവാദങ്ങളിലൂടെ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും അതീതമായി പരസ്പര വിശ്വാസം വളർത്താൻ മതസമൂഹങ്ങൾക്ക് കഴിയണമെന്നും ആഹ്വാനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.