വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി; കണ്ടെത്തിയത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി; കണ്ടെത്തിയത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

കണ്ണൂർ: വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പർ കല്ലറയെ ചൊല്ലി നിലനിന്നിരുന്ന ദുരൂഹതകൾക്ക് പരിസമാപ്തി. റവന്യൂ, പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പള്ളി രേഖകളിൽ പറയുന്ന 2006 ലെയും 2015 ലെയും സംസ്കാരങ്ങളുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

ഈ മാസം 13 ന് കല്ലറയിൽ പുതിയൊരു സംസ്കാരം നടത്തുന്നതിനായി സ്ലാബ് മാറ്റിയപ്പോൾ അസ്വാഭാവികമായ രീതിയിൽ മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ശവപ്പെട്ടി ദ്രവിച്ചതിനെത്തുടർന്ന് അവശിഷ്ടങ്ങൾ ചിതറിക്കിടന്നത് മൂന്നാമതൊരു മൃതദേഹം കൂടി കല്ലറയിലുണ്ടെന്ന സംശയത്തിന് വഴിവെക്കുകയായിരുന്നു.

പരിശോധനയിൽ 2015 ൽ അടക്കം ചെയ്ത ജയിംസ് എന്നയാളുടെ ശവപ്പെട്ടി കാലപ്പഴക്കം മൂലം ദ്രവിച്ചതാണെന്നും ഇതിനുള്ളിലെ അവശിഷ്ടങ്ങൾ പുറത്തേക്ക് വന്നതുമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും ഫോറൻസിക് സംഘം കണ്ടെത്തി. ക്രിസ്തീയ ആചാര പ്രകാരം വർഷങ്ങൾക്ക് ശേഷം കല്ലറ തുറക്കുമ്പോൾ പഴയ അവശിഷ്ടങ്ങൾ ഒതുക്കി വെക്കാറുള്ളതാണ്. എന്നാൽ ഇവിടെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

പള്ളി രേഖകൾ പ്രകാരം 2006 ൽ അടക്കം ചെയ്ത മറിയക്കുട്ടി 2015 ൽ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ഇത്രയും നാൾ നീണ്ടുനിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. പരിശോധനകൾക്ക് ശേഷം കല്ലറ വീണ്ടും അടച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.