വത്തിക്കാൻ സിറ്റി: വിശുദ്ധ കുർബാന മധ്യേയുള്ള വചനപ്രഘോഷണം (ഹോമിലി) അൽമായർക്ക് നിർവഹിക്കാൻ അനുവാദം നൽകാനാവില്ലെന്ന് വത്തിക്കാൻ. ആരാധനാക്രമ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘമാണ് ഇത് സംബന്ധിച്ചുള്ള അന്തിമ നിലപാട് വ്യക്തമാക്കിയത്. ജർമ്മൻ മെത്രാൻ സമിതി സമർപ്പിച്ച പ്രത്യേക അപേക്ഷ തള്ളിക്കൊണ്ടാണ് വത്തിക്കാന്റെ ഈ സുപ്രധാന ഉത്തരവ്.
അസാധാരണമായ സാഹചര്യങ്ങളിൽ പ്രത്യേകമായി നിയുക്തരായ അൽമായർക്ക് വിശുദ്ധ കുർബാന മധ്യേ വചനപ്രഘോഷണം നടത്താൻ അനുവാദം നൽകണമെന്നായിരുന്നു ജർമ്മൻ ബിഷപ്പുമാർ അഭ്യർത്ഥിച്ചത്. എന്നാൽ സഭയുടെ നിലവിലെ ആരാധനാക്രമ അച്ചടക്കത്തിൽ ഇതിനായി പ്രത്യേക ഇളവുകൾ നൽകാൻ കഴിയില്ലെന്ന് ജൂൺ 17 ന് അയച്ച മറുപടിക്കത്തിൽ വത്തിക്കാൻ വ്യക്തമാക്കി.
വചനപ്രഘോഷണം കേവലമൊരു അച്ചടക്ക നിയമമല് മറിച്ച് അത് ആരാധനാക്രമത്തിന്റെ സ്വഭാവത്തോട് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. തിരുപ്പട്ടത്തിലൂടെ വൈദികർക്ക് ലഭിക്കുന്ന 'അധ്യാപന ദൗത്യത്തിന്റെ' അവിഭാജ്യ ഭാഗമാണിതെന്ന് വത്തിക്കാൻ ഓർമ്മപ്പെടുത്തി.
വിശുദ്ധ കുർബാനയിൽ വവചനവും കൂദാശയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഈ കൂദാശാപരമായ ദൗത്യം വൈദികർക്ക് മാത്രമായി മാറ്റി വെക്കപ്പെട്ടതാണ്. സഭയുടെ നിലവിലെ കാനോനിക നിയമങ്ങൾ അനുസരിച്ച് കുർബാനയ്ക്കു പുറത്തും മറ്റ് അവസരങ്ങളിലും വചനം പ്രഘോഷിക്കാനും പങ്കുവെക്കാനും അൽമായർക്ക് ധാരാളം വഴികളുണ്ട്. സഭ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വത്തിക്കാൻ വ്യക്തമാക്കി.
വിശ്വാസികൾക്ക് വചനത്തിന്റെ ആത്മീയവും അജപാലനപരവുമായ ഫലങ്ങൾ പൂർണമായി ലഭിക്കുന്നതിനായി വൈദികരുടെ വചനപ്രഘോഷണ ശുശ്രൂഷ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അതിനായുള്ള തുടർപരിശീലനങ്ങൾ സഭയിൽ ശക്തിപ്പെടുത്തണമെന്നും വത്തിക്കാൻ നിർദേശിച്ചു. ആരാധനാക്രമത്തിന്റെ പരിശുദ്ധിയും ദൈവികമായ ക്രമവും കാത്തുസൂക്ഷിക്കുന്നതിൽ സഭയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ ഉത്തരവിലൂടെ വ്യക്തമാകുന്നത്.